ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാല്‍പതിലേറെ പേര്‍ക്ക് ദാരുണാന്ത്യം....200ലേറെ പേരെ കാണാതായി, മരണസംഖ്യ ഉയര്‍ന്നേക്കും

മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും... പ്രളയത്തില്‍ പൂര്‍ണമായും ഒലിച്ചുപോയ പ്രദേശത്ത് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് തെരച്ചില്‍
കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാല്‍പതിലേറെ പേര്‍ക്ക് ദാരുണാന്ത്യം. 200ലേറെ പേരെ കാണാതായി. രണ്ട് സി.ഐ.എസ്.എഫ് ജവാന്മാര്‍ ഉള്‍പ്പെടെ 33 പേരുടെ മൃതദേഹം കണ്ടെടുത്തു. മരണസംഖ്യ ഉയര്‍ന്നേക്കും.
മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള 8.5 കിലോമീറ്റര്‍ ട്രക്കിംഗ് പാത തുടങ്ങുന്ന പ്രദേശത്താണ് ദുരന്തം സംഭവിച്ചത്. മരിച്ച ജവാന്മാര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സുരക്ഷാജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. രണ്ട് ജവാന്മാരെ കാണാതായി. നിരവധി തീര്‍ത്ഥാടകരെ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തു.
ചസോതി മേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് 12നും ഒരുമണിക്കും ഇടയിലാണ് മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. പ്രളയത്തില്‍ പൂര്‍ണമായും ഒലിച്ചുപോയ പ്രദേശത്ത് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ദുര്‍ഘടമായ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 9500 അടി ഉയരത്തിലാണ് ചസോതി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെയും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെയും ഫോണില്‍ വിളിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha