കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും...

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സച്ചിന്‍ നാലു വര്‍ഷം മുന്‍പാണ് കുവൈത്തിലെത്തിയത്.
സച്ചിന്‍ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ .കുവൈത്തിലടക്കം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സച്ചിന്‍ സജീവമായിരുന്നു. നാട്ടിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലടക്കം സജീമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോള്‍ കലര്‍ന്ന പാനീയങ്ങള്‍ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 63 പേര്‍ക്ക് വിഷബാധയേറ്റത്. 13 പേര്‍ ദുരന്തത്തില്‍ മരിച്ചതായി എംബസി സ്ഥിരീകരിച്ചു.
അതേസമയം മരിച്ചവരില്‍ ആറുപേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. വിഷമദ്യദുരന്തത്തില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമായി തുടരുന്നു. അതേസമയം, കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ ചിലര്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്. അനധികൃത മദ്യ നിര്‍മ്മാണവും വില്‍പ്പനയുമായി ബന്ധമുള്ള ഏഷ്യക്കാരായ പ്രവാസികളാണ് കസ്റ്റഡിയിലായത്. രാജ്യത്തെ അനധികൃത മദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കെതിരെ വിവരം ശേഖരിച്ച് നടപടി തുടങ്ങിയിരിക്കുകയാണ് കുവൈത്ത്.
കഴിഞ്ഞ കുറെ നാളുകളിലായി രാജ്യത്ത് നടന്ന് വരുന്ന വ്യാപക സുരക്ഷാ പരിശോധനയില്‍ നിരവധി മദ്യ നിര്‍മാണ കേന്ദ്രങ്ങളാണ് ആഭ്യന്തര മന്ത്രാലയം അടച്ചു പൂട്ടിയത്. 52 പേരാണ് ജൂലൈ 24ന് മാത്രം പിടിയിലായത്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെ തുടര്‍നടപടികള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha