റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് 20 ലക്ഷം ബാരല്‍ ആയി വര്‍ധിപ്പിച്ചു

സാമ്പത്തിക നേട്ടം കണക്കിലെടുത്താണ് ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. അമേരിക്കയുടെ എതിര്‍പ്പ് തുടരുന്നതിനിടെയാണ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ വര്‍ധന. ഓഗസ്റ്റില്‍ പ്രതിദിനം റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് 20 ലക്ഷം ബാരല്‍ ആയി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് ആദ്യ പകുതിയില്‍ പ്രതിദിനം ഇറക്കുമതി ചെയ്ത 52 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുടെ 38 ശതമാനവും റഷ്യയില്‍ നിന്നാണെന്ന് ആഗോള റിയല്‍ടൈം ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് ദാതാവായ കെപ്ലര്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ കയറ്റുമതിക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്നതായിരുന്നു ട്രംപിന്റെ ഭീഷണി.
ജൂലൈയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതാണ് ഇരുപത് ലക്ഷമായി ഉയര്‍ന്നത്. ഇറാക്കില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി കുറച്ചാണ് റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ വര്‍ധിപ്പിച്ചത്. ഇറാക്കില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ പ്രതിദിനം 7,30,000 ബാരല്‍ ആയാണ് കുറച്ചത്. ജൂലൈയില്‍ ഇത് 9,07,000 ബാരല്‍ ആയിരുന്നു. ജൂലൈയില്‍ 7,00,000 ബാരല്‍ ഇറക്കുമതി ചെയ്ത സ്ഥാനത്താണ് സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ 5,26,000 ആയി കുറഞ്ഞത്. അമേരിക്കയാണ് അഞ്ചാം സ്ഥാനത്ത്. അമേരിക്കയില്‍ നിന്ന് പ്രതിദിനം 2,64,000 ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
'2025 ജൂലൈ അവസാനം ട്രംപ് ഭരണകൂടം താരിഫ് പ്രഖ്യാപിച്ചതിനുശേഷവും ഓഗസ്റ്റില്‍ ഇതുവരെ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി സ്ഥിരത പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്ഥിരത പ്രധാനമായും സമയക്രമീകരണത്തിന്റെ ഫലമാണ്. ഓഗസ്റ്റിലെ കാര്‍ഗോകള്‍ ജൂണിലും ജൂലൈ തുടക്കത്തിലും തന്നെ ലോക്ക് ചെയ്തു. നയപരമായ മാറ്റങ്ങള്‍ക്ക് വളരെ മുമ്പുതന്നെയാണ് ഈ നടപടി സ്വീകരിച്ചത്' കെപ്ലറിലെ ലീഡ് റിസര്‍ച്ച് അനലിസ്റ്റ് സുമിത് റിറ്റോലിയ പറഞ്ഞു.
https://www.facebook.com/Malayalivartha