'പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025' ലോക്‌സഭ പാസാക്കി...

ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിനുകീഴില്‍ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള 'പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025' ലോക്‌സഭ പാസാക്കി. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച ബില്‍ ചര്‍ച്ചയില്ലാതെ ശബ്ദവോട്ടോടെ പാസാക്കിയെടുത്തിരിക്കുന്നത്. ആദ്യം പണം നിക്ഷേപിച്ച് കൂടുതല്‍ പണം തിരികെ ലഭിക്കുന്ന ഗെയിമുകളെയാണ് ഓണ്‍ലൈന്‍ മണി ഗെയിമുകളുടെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്.
രാജ്യത്തിന്റെ പുറത്തുനിന്ന് നിയന്ത്രിക്കുന്ന ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. ഇത്തരം പ്ലാറ്റുഫോമുകളെ നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപവത്കരിക്കുന്നതാണ്. പണം ഉള്‍പ്പെട്ട ഗെയിമുകളുമായി ബന്ധപ്പെട്ട പരാതികളില്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും.
ബില്‍ നിയമമാകുന്നതോടെ ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ പ്രചരിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. പ്രചരിപ്പിച്ചാല്‍ മൂന്നു വര്‍ഷം തടവോ ഒരു കോടി രൂപയോ പിഴ ശിക്ഷയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരുന്നതാണ്. ഇത്തരം ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ഏതെങ്കിലും മാധ്യമത്തിലൂടെ പ്രചരിപ്പിച്ചാല്‍ രണ്ടു വര്‍ഷം തടവും 50 ലക്ഷം പിഴയും ശിക്ഷയായി ലഭിക്കും. ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ ഇത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാട് സേവനം നല്‍കാനുള്ള അനുമതി കിട്ടില്ല.
പണമിടപാട് സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്നു വര്‍ഷം തടവും ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ. ബില്ലില്‍ ഇ-സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
"
https://www.facebook.com/Malayalivartha