ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരക്കെ ശക്തമായ മഴ... മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നലെയും പരക്കെ ശക്തമായ മഴ പെയ്തു. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, അസം സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും മഴയും വെള്ളപ്പൊക്കവും ജനങ്ങളെ ദുരിതത്തിലാക്കി. ജമ്മു കാശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു.
ജമ്മുവിലെ കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിലുണ്ടായ മണ്ണിടിച്ചിലിലാണ് ഇതില്‍ 35 പേര്‍ മരിച്ചത്. ചൊവ്വാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. 52 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കാശ്മീരിലുണ്ടായത്.
ജമ്മു-ശ്രീനഗര്‍ ദേശീയപാത മഴയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. തവി നദി കരകവിഞ്ഞൊഴുകി ജമ്മു മേഖലയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലായി. ജമ്മു കാശ്മീരിലും ഹിമാചല്‍ പ്രദേശിലും ശക്തമായ മഴ തുടരുന്നതിനാല്‍ സത്ലജ്, ബിയാസ്, രവി നദികളില്‍ ജലനിരപ്പുയര്‍ന്നു.
ഇതേത്തുടര്‍ന്ന് പഞ്ചാബിലെ പത്താന്‍കോട്ട്, ഗുര്‍ദാസ്പൂര്‍, ഫസില്‍ക, കപുര്‍തല, തരണ്‍തരണ്‍, ഫിറോസ്പൂര്‍, ഹോഷിയാര്‍പൂര്‍, അമൃത്സര്‍ ജില്ലകളിലെ 528 ഗ്രാമങ്ങള്‍ വെള്ളത്തിലായി. എസ്.ഡി.ആര്‍.എഫും എന്‍.ഡി.ആര്‍.എഫും ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
"
https://www.facebook.com/Malayalivartha


























