വ്യത്യസ്തനായി മൂസാ ഭായി, അയല്‍വാസികള്‍ക്ക് ദിവസവും നല്‍കുന്നത് 10,000 ലിറ്റര്‍ വെള്ളം

ഒരു തുള്ളി വെള്ളത്തിന് വേണ്ടി തന്റെ അയല്‍വാസികള്‍ ബുദ്ധിമുട്ടുന്നത് കണ്ട് കണ്ണടച്ച് ഇരുട്ടാക്കാന്‍ മൂസാ ഭായിക്ക് കഴിഞ്ഞില്ല. തന്റെ കുഴല്‍ കിണറില്‍ നിന്നും ലഭിക്കുന്ന വെള്ളത്തില്‍ നിന്നും ഒരു പങ്ക് ജലം അവര്‍ക്കും നല്‍കാമെന്ന് അദ്ദേഹം തീരുമാനിച്ചു. മൂസാ ഭായിയിരുടെ ആ ഒരു തീരുമാനം നിരവധി ആളുകളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് പരിഹാരമായത്. സ്വത്തായാലും പണമായാലും എന്തിന് ഭക്ഷണമായാല്‍ പോലും മറ്റൊരാള്‍ക്ക് പങ്കുവെയ്ക്കാന്‍ മടിക്കുന്ന ഒരു സമൂഹത്തിന് മുന്നില്‍ അദ്ദേഹം ഒരു ഉത്തമ മാതൃകയാണ്.
മഹാരാഷ്ട്രയിലെ ലാതൂറിലാണ് മുന്നാ ഭായി എന്ന് ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഷെയ്ഖ് മതീന്‍ മൂസ എന്ന മനുഷ്യ സ്‌നേഹി താമസിക്കുന്നത്. ലാതൂറിലെ ഒരു സ്‌കൂളില്‍ ഗണിത അദ്ധ്യാപകനായ അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. എന്നാല്‍ കുടിവെളള ക്ഷാമം രൂക്ഷമായപ്പോള്‍ ലാതൂറില്‍ തുടക്കമിട്ട പരിപാടിയാണ് അദ്ദേഹത്തെ വാര്‍ത്തകളില്‍ താരമാക്കിയത്. സ്വന്തം കുഴല്‍ കിണറില്‍ നിന്നും പതിനായിരം ലിറ്റര്‍ വെള്ളമാണ് ഇദ്ദേഹം ദിവസവും അയല്‍വാസികള്‍ക്കായി നല്‍കുന്നത്. മൂസാ ഭായി വെള്ളം നല്‍കുന്നുവെന്നറിഞ്ഞ് അയല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. പ്രദേശത്ത് കുടിവെള്ള ക്ഷാമം അത്രയും രൂക്ഷമാണ് എന്നതിന്റെ സൂചനയാണത്.
പലര്‍ക്കും മൂസാ ഭായി ദൈവത്തെ പോലെയാണ്. അദ്ദേഹം മനുഷ്യത്വത്തിന് ഉത്തമ ഉദാഹരണമാണെന്ന് മൂസാ ഭായിയുടെ അയല്‍വാസിയായ ഒരു മധ്യവയസ്‌കന്‍ പറയുന്നു. വെള്ളം ശേഖരിക്കാന്‍ എത്തുന്നവര്‍ക്കെല്ലാം അദ്ദേഹത്തെ കുറിച്ച് പറയാന്‍ നൂറു നാവാണ്. അതില്‍ പ്രായമായ ഒരു സ്ത്രീ പറയുന്നത് ഇങ്ങനെ ' വെള്ളം നല്‍കുന്നതിന് പണം നല്‍കാമെന്ന് ഞങ്ങള്‍ പറഞ്ഞതാണ്, എന്നാല്‍ മൂസാ ഭായി അത് നിരസിച്ചു'. അദ്ദേഹത്തിന്റെ നല്ല മനസിന് ഞങ്ങള്‍ എന്നും കടപ്പെട്ടവരായിരിക്കുമെന്നും പറഞ്ഞ അവര്‍ നിറഞ്ഞ കണ്ണുകള്‍ സാരി തുമ്പുകൊണ്ട് തുടയ്ക്കുന്നു.
കുഴല്‍ കിണറില്‍ വെള്ളം തീര്‍ന്നു പോയാല്‍ എന്തു ചെയ്യുമെന്ന് ഒരു കുസൃതി ചോദ്യം ചോദിച്ചപ്പോള്‍ അങ്ങനെ സംഭവിച്ചാല്‍ താനും ഒരു കുടമെടുത്ത് വെള്ളം ശേഖരിക്കാന്‍ ഇറങ്ങുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൂസാ ഭായ് അങ്ങനെയാണ്. ഒന്നിനേയും മുന്‍ വിധിയോടെ കാണാതെ മറ്റുള്ളവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍. അത് നല്‍കുന്ന സംതൃപ്തി മറ്റേതിനേക്കാളും വലുതാണെന്ന് അദ്ദേഹം പറയാതെ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























