ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലുള്ള നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗ്ലാദേശില്‍ റംഗ്പൂരിലെ ദാസ്പാറ (മച്ചുവാപാറ) മേഖലയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 11.30ഓടെയാണ് ഹിന്ദു കുടുംബത്തിെന്റെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിരമിച്ച അദ്ധ്യാപകനും ഭാര്യയും മക്കളുമാണ് മരിച്ചത്. ഗണപതി ചക്രവര്‍ത്തി (65), ഭാര്യ പ്രിതിലത (50), മകള്‍ അഗാമി (23), മകന്‍ പ്രിയം (12) എന്നിവരാണ് മരിച്ചത്. കഴുത്തുഞെരിച്ചാകാം മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീടിന്റെ വിവിധ ഭാഗങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗണപതിയുടെ മൃതദേഹം വീടിന്റെ മേല്‍ക്കൂരയിലും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ കോണിപ്പടിയിലും മകന്റെ മൃതദേഹം കട്ടിലിനടിയിലുമായിരുന്നു പൊലീസ് കണ്ടെത്തിയത്. വീട്ടിലെ ഗൃഹോപകരണങ്ങള്‍ ചിതറിക്കിടന്ന നിലയിലായിരുന്നെന്നും മോഷണം നടന്നതായാണ് നിലവിലെ നിഗമനമെന്നും റംഗ്പൂര്‍ മെട്രോപൊളിറ്റന്‍ സിഐഡി ഇന്‍ചാര്‍ജ് സുബീര്‍ ചൗധരി പറഞ്ഞു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹങ്ങള്‍ റംഗ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പൊലീസ്, സിഐഡി, ഡിറ്റക്ടീവ് സംഘങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച മുതല്‍ കുടുംബാംഗങ്ങളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാല് പേരുടെയും മൊബൈല്‍ ഫോണുകളും വ്യാഴാഴ്ച രാത്രി മുതല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് ഗണപതിയുടെ ബന്ധുവായ പൂജ ചക്രവര്‍ത്തി പറഞ്ഞു.
ശനിയാഴ്ച രാത്രി ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിലെ ലൈറ്റുകളും അണഞ്ഞുകിടന്നു. തുടര്‍ന്ന് പൊലീസെത്തി പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ റംഗ്പൂര്‍ ജില്ലാ സ്‌കൂളില്‍നിന്ന് വിരമിച്ച ഗണപതി പിന്നീട് ഹോമിയോപ്പതി ചികിത്സകനായി ജോലി ചെയ്യുകയായിരുന്നു. മകള്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മകന്‍.
നാലുവര്‍ഷത്തോളമായി കുടുംബം ഈ പ്രദേശത്താണ് താമസിച്ചിരുന്നത്. ഗണപതി പണികഴിപ്പിച്ച മൂന്ന് നില വീടിന്റെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവം ഗൗരവമായി അന്വേഷിക്കുകയാണെന്ന് റംഗ്പൂര്‍ പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ യഥാര്‍ത്ഥ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























