ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂപ് ജേക്കബ്

റേഷൻ കടകളിലൂടെയും സപ്ലൈകോ വിൽപനശാലകളിലൂടെയും ഓണക്കാലത്ത് 26 രൂപയ്ക്ക് നൽകുന്ന സ്പെഷൽ അരി അടുത്ത മാസവും തുടരുന്നത് പരിഗണന യിലാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിൻ്റെയും ഓണക്കിറ്റ് വിതരണോദ്ഘാടനം കേസരി ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നത്. അതിൻ്റെ സ്റ്റോക്ക് ലഭ്യത പരിശോധിച്ചു വരികയാണ്. ഓഗസ്റ്റ് 25 നബിദിനം വരുന്നതിനാൽ റേഷൻ വ്യാപാരികൾക്ക് നിയന്ത്രിത അവധി നൽകും. സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള ഉൽപന്നങ്ങൾ ഇത്തവണ സപ്ലൈകോയിലൂടെ ലഭ്യമാക്കുന്നുണ്ട്. ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























