ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'

തലസ്ഥാനത്ത് ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ മോഷണം, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങിയ സംഭവങ്ങള്‍ തടയാന്‍ പൊലീസ് പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കി. ഓപ്പറേഷന്‍ ഓണ തുമ്പിയെന്നാണ് നല്‍കിയിരിക്കുന്ന പേര്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന 50ഓളം പേരുടെ തുമ്പികളായ ഷാഡോ സംഘത്തെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. പ്രധാന വ്യാപാരകേന്ദ്രങ്ങള്‍, കമ്പോളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഓണാഘോഷ വേദികള്‍ എന്നിവിടങ്ങളില്‍ ഷാഡോ പൊലീസ് നിരീക്ഷണം ശക്തമാക്കും. തിരക്കിനിടെ മോഷണവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും നടത്തുന്നവരെ കണ്ടെത്തുകയാണ് തുമ്പികളുടെ ദൗത്യം.
ഓണാഘോഷങ്ങള്‍ ലഹരിമുക്തവും സമാധാനപരവുമായി നടത്താന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ലഹരിമരുന്നുകളുടെ ഉപയോഗമോ വില്‍പ്പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെയോ എക്‌സൈസ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചേര്‍ന്ന ജില്ലാതല സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മാരകമായ ലഹരിമരുന്നുകളുടെ ഉപയോഗം സമൂഹത്തില്‍ വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കുട്ടികളിലും യുവാക്കളിലും ഇതിന്റെ സ്വാധീനം കൂടുന്നതിനൊപ്പം കുടുംബങ്ങളിലും നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയാനും അവരെ നിയമത്തിന് മുന്നിലെത്തിക്കാനും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരായ ബോദ്ധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് കൂടുതല്‍ സജീവമായി ഇടപെടാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഇടപെടല്‍ പോരാ. യുവാക്കളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയും സഹകരണവും അനിവാര്യമാണ്. ജനപ്രതിനിധികളെയും കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിച്ച് നേരത്തെ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ലഹരി ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണം സുരക്ഷിതവും സമാധാനപരവുമായി ആഘോഷിക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























