കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി നാല് പേര്‍ നടുക്കടലില്‍ ചെലവഴിച്ചത് 17 മണിക്കൂര്‍. നോര്‍ഫോക്ക് ദ്വീപില്‍ നിന്നും 250 നോട്ടിക്കല്‍ മൈല്‍ വടക്കുള്ള ദക്ഷിണ പസഫിക് സമുദ്രത്തിലായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന നാല് പേരെ 17 മണിക്കൂറോളം ലൈഫ് റാഫ്റ്റില്‍ കഴിഞ്ഞശേഷം സുരക്ഷിതമായി രക്ഷപ്പെടുത്തി. രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്മാരും ന്യൂസിലന്‍ഡ്, ഫ്രാന്‍സ് സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഓസ്‌ട്രേലിയന്‍ യാച്ചായ ടായ് ടാം സമുദ്രത്തില്‍ മുങ്ങുകയാണെന്ന് അടിയന്തര രക്ഷസേനയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു.
തിമിംഗലം ഇടിച്ചതോടെ ബോട്ട് ഒരു വശത്തേക്ക് ശക്തമായി കുലുങ്ങി. ആറ് മുതല്‍ എട്ട് വരെ സ്‌പേം തിമിംഗലങ്ങള്‍ ബോട്ടിന് ചുറ്റും നീന്തുന്നുണ്ടായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒന്നോ രണ്ടോ തിമിംഗലങ്ങള്‍ ബോട്ടിനോളം വലിപ്പമുള്ളവയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ സ്റ്റിയറിംഗ് സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി.
യാച്ചിന്റെ അടിഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കുകയും കടല്‍വെള്ളം അകത്തേക്ക് കുതിച്ചുകയറുകയും ചെയ്തു. തുടര്‍ന്ന് സംഘം ഉടന്‍ തന്നെ മേയ്‌ഡേ അടിയന്തര സന്ദേശം അയച്ചു. ബോട്ടില്‍ കയറിയ വെള്ളം ബക്കറ്റുകളും പമ്പുകളും ഉപയോഗിച്ച് പുറത്തുകളയാന്‍ ശ്രമിച്ചെങ്കിലും യാച്ചിനെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. വെള്ളം നിറഞ്ഞതോടെ ബോട്ട് പതുക്കെ മുങ്ങിത്തുടങ്ങിയിരുന്നു. ഇതോടെ നാലുപേരും ഇന്‍ഫ്‌ളേറ്റബിള്‍ ലൈഫ് റാഫ്റ്റ് വെള്ളത്തിലിറക്കി അതിലേക്ക് മാറി.
അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിലെ രക്ഷാപ്രവര്‍ത്തന ഏകോപന കേന്ദ്രം നടപടികള്‍ ആരംഭിച്ചു. ലൈഫ് റാഫ്റ്റ് കണ്ടെത്തുന്നതിനായി റോയല്‍ ന്യൂസിലന്‍ഡ് എയര്‍ഫോഴ്‌സിന്റെ പി8എ പോസിഡോണ്‍ നാലുപേര്‍ക്കുമായി തിരച്ചില്‍ നടത്തി. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ചരക്കുകപ്പല്‍ സംഘത്തെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നാല് പേര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha

























