സിംബാബ്വെയെ എട്ട് വിക്കറ്റിന് ആധികാരികമായി തകര്‍ത്ത് ഇന്ത്യ...

വനിതാ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും സിംബാബ്വെയെ എട്ട് വിക്കറ്റിന് ആധികാരികമായി തകര്‍ത്ത് ഇന്ത്യ 3-0ത്തിന് പരമ്പര തൂത്തുവാരി. നേരത്തെ നടന്ന ടി20 പരമ്പരയും പൂര്‍ണമായി സ്വന്തമാക്കിയ ഇന്ത്യ, സ്മൃതി മന്ധാനയുടെ മുഴുവന്‍സമയ നായകത്വത്തിന് കീഴില്‍ ഉജ്ജ്വല തുടക്കമാണ് കുറിച്ചിരിക്കുന്നത്.
വഡോദരയില്‍ നടന്ന അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഉയര്‍ത്തിയ 132 റണ്‍സെന്ന ചെറിയ ലക്ഷ്യം വെറും 17 ഓവറില്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഇടംകൈയന്‍ സ്പിന്നര്‍ വൈഷ്ണവി ശര്‍മയുടെ അഞ്ചു വിക്കറ്റ് നേട്ടമാണ് സിംബാബ്വെയുടെ തകര്‍ച്ചയ്ക്ക് അടിത്തറയിട്ടത്.
39 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവിയുടെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന് മുന്നില്‍ സിംബാബ്വെ ബാറ്റര്‍മാര്‍ക്ക് മറുപടിയില്ലായിരുന്നു.
ആദ്യ രണ്ടു മത്സരങ്ങളില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനായി ബുദ്ധിമുട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍, ഇത്തവണ തുടക്കത്തില്‍ തന്നെ കൃത്യമായ ഇടവേളകളില്‍ എതിരാളികളെ പുറത്താക്കി കളിയില്‍ പൂര്‍ണ ആധിപത്യം നേടുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ബാറ്റിങ് ഓര്‍ഡറില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയാണ് കളം പിടിച്ചത്.
യാസ്തിക ഭാട്ടിയയും (0) ഹര്‍ലീന്‍ ഡിയോളും (19) നിരാശപ്പെടുത്തിയെങ്കിലും, മിന്നും ഫോമിലുള്ള പ്രതിക റാവലും (59*) ഷെഫാലി വര്‍മയും (51*) ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയ ഇരുവരും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്. മത്സരത്തിന്റെ പതിനേഴാം ഓവറില്‍ സിക്സര്‍ പറത്തിക്കൊണ്ട് ഷെഫാലി ഇന്ത്യയുടെ വിജയം കുറിക്കുകയായിരുന്നു.
" f
https://www.facebook.com/Malayalivartha

























