തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി രാജിവെച്ചു; രാജി എഡിറ്റര്‍ തരുണ്‍ തേജ്‌പാലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍

തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി രാജിവെച്ചു. ഇന്നു രാവിലെയായിരുന്നു അവര്‍ രാജിക്കാര്യം അറിയിച്ചത്. സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്‌പാലിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി. പൊതുസമൂഹത്തില്‍ തെഹല്‍ക്കയ്‌ക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനാല്‍ രാജിവെക്കുന്നുമെന്നുമാണ് ഷോമ രാജി കത്തില്‍ അറിയിച്ചത്.
ഷോമയുടെ പേരും പോലീസ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരുന്നു. കേസില്‍ തേജ്‌പാലിനെ സംരക്ഷിക്കുന്നു എന്ന പേരില്‍ ഏറെ വിമര്‍ശനം കേട്ടയാളായിരുന്നു ഷോമ. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പരാതി ഷോമ കൈകാര്യം ചെയ്‌ത രീതിയും വിമര്‍ശിക്കപ്പെട്ടിരുന്നു.
ലൈംഗികാരോപണം സംബന്ധിച്ച പരാതി തെഹല്‍ക്കയുടെ ആഭ്യന്തരകാര്യമാണെന്നും പരാതിയുടെ അടിസ്ഥാനത്തിലുണ്ടായ നടപടിയില്‍ യുവതി തൃപ്തയാണെന്നാണ് കരുതുന്നതെന്നുമുള്ള ഷോമ ചൗധരിയുടെ പ്രതികരണം ഏറെ വിമര്‍ശിക്കപ്പെട്ടു. നടപടിയില്‍ താന്‍ തൃപ്തയല്ലെന്നും തെഹല്‍ക്കയുടെ പ്രതികരണത്തില്‍ നിരാശയുണ്ടെന്നും യുവതി പ്രതികരിക്കുകയും ചെയ്തു.
കേസ് സംബന്ധിച്ച് ഷോമയെ ഗോവന്‍ അന്വേഷണസംഘം ഏഴു മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. പോലീസിന്റെ അന്വേഷണത്തോട് എല്ലാവിധത്തിലൂം സഹകരിക്കുമെന്നും ഷോമ ഉറപ്പു നല്‌കിയിട്ടുണ്ട്.
അതേസമയം തരുണ്‍ തേജ്പാലിനെ ഗോവ പോലീസ് ഇന്ന് ചോദ്യംചെയ്യും. പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക ഇന്നലെ മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു. തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും.
തരുണ്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് ജൂനിയര്‍ മാധ്യമപ്രവര്‍ത്തക നവംബര്‍ 18നാണ് തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് പരാതി നല്‍കിയത്. തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റിനിടെയാണ് തനിക്കെതിരെ രണ്ട് തവണ ലിഫ്റ്റില്‍ വെച്ച് മാനഭംഗശ്രമമുണ്ടായെന്ന് മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയത്. നവംബര്‍ ഏഴ്, എട്ട് തിയതികളിലാണ് വിവാദമായ മാനഭംഗശ്രമമുണ്ടായത്. സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച തേജ്പാല്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha