സ്വാതികൊലക്കേസ്: ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയെന്ന് രാംകുമാര്‍

ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയോട് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി രാംകുമാര്‍. 2015 സെപ്റ്റംബറില്‍ നഗരത്തിലേക്ക് താമസം മാറിയതിനു പിന്നാലെയാണ് സ്വാതിയെ കണ്ടത്. പ്രണയത്തെക്കുറിച്ചു സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നു.
കോളിവുഡില്‍ അവസരങ്ങള്‍ തേടിയപോയ രാംകുമാര്‍ കുറച്ചുകാലം ചെന്നൈയിലില്ലായിരുന്നു. തിരിച്ചുവന്നതിനുശേഷം വീണ്ടും സ്വാതിയെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. രാംകുമാര്‍ താമസിച്ചിരുന്നതിനു സമീപമുള്ള ക്ഷേത്രത്തില്‍ സ്വാതി സ്ഥിരം പോകാറുണ്ടായിരുന്നു. ഇവിടെവച്ച് പലപ്പോഴും രാംകുമാര്‍ സ്വാതി പിന്തുടരാറുണ്ടായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍വച്ചാണ് തന്റെ പ്രണയം രാംകുമാര്‍ ആദ്യമായി സ്വാതിയോട് തുറന്നുപറയുന്നത്. എന്നാല്‍ സ്വാതി അത് തള്ളിക്കളഞ്ഞു.
പിന്നീടൊരിക്കല്‍ പ്രണയത്തിന്റെ കാര്യം പറഞ്ഞ് രാംകുമാര്‍ സമീപിച്ചപ്പോള്‍ വളരെ മോശമായ രീതിയില്‍ സ്വാതി പെരുമാറി. ഇത് രാംകുമാറിനെ പ്രകോപിപ്പിച്ചു.
സ്വാതിയുമായുള്ള വാക്കുതര്‍ക്കത്തിനുശേഷം രാംകുമാര്‍ ചെന്നൈയില്‍നിന്നു കുറച്ചുനാള്‍ മാറിനില്‍ക്കുകയും ചെയ്തു. ചെന്നൈയില്‍ തിരിച്ചെത്തിയതിനുശേഷമാണ് നുങ്കമ്പാക്കം റെയില്‍വേ സ്‌റ്റേഷനില്‍ പട്ടാപ്പകല്‍ സ്വാതിയെ രാംകുമാര്‍ കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha





















