മുതലയുടെ വായില്‍ നിന്ന് കളിക്കൂട്ടുകാരിയെ രക്ഷിച്ച് ആറുവയസ്സുകാരി

വായ് പിളര്‍ന്ന് കൂട്ടുകാരിയെ മരണത്തിലേക്ക് കടിച്ചുപറിക്കാനൊരുങ്ങിയ മുതലയെ ഓടിച്ചുവിട്ട് ആറു വയസ്സുകാരിയുടെ അസാമാന്യ ധീരത. ഒഡിഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ വിദൂരഗ്രാമമായ ബങ്കുവാലയിലെ തടാകത്തില്‍ കുളിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
ടിക്കി ദലായ് എന്ന പെണ്‍കുട്ടിയാണ് കൂട്ടുകാരിയായ ബസന്തി ദലായിയെ മുതലയില്‍നിന്ന് രക്ഷിച്ച് വീരനായികയായത്. കൈയിലും തുടയിലും പരിക്കേറ്റ ബസന്തി ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് സംഭവം.
ഇരുവരും കുളിക്കുന്നതിനിടെ ഒരു മുതല ഇഴഞ്ഞെത്തി ബസന്തിയെ ആക്രമിക്കുകയായിരുന്നു. ബസന്തിയുടെ നിലവിളി കേട്ട ടിക്കി മുളവടിയെടുത്ത് മുതലയുടെ തലക്കടിച്ചു. ഇരയെ പിടിച്ച മുതല ആ കുഞ്ഞുപ്രഹരത്തില്‍ 'പകച്ചുപോയി'. ബസന്തിയെ വിട്ട മുതല ഉടന്‍ സ്ഥലം കാലിയാക്കി.
പിന്നീട് നാട്ടുകാരെത്തി ബസന്തിയെ ആശുപത്രിയിലാക്കി. പെട്ടന്നായിരുന്നു ആക്രമണമെന്നതിനാല്‍ പ്രതികരിക്കാന്‍ സമയം കുറവായിരുന്നെന്ന് വീരനായികയായ ടിക്കി പറയുന്നു. തൊട്ടടുത്തുണ്ടായിരുന്ന വടി കൂട്ടുകാരിയെ രക്ഷപ്പെടുത്തിയെന്നും ടിക്കി പറഞ്ഞു. ഈ ധീരതയെ നാട് മുഴുവന്‍ വാഴ്ത്തുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുമാര്‍ദാസ് പറഞ്ഞു.
ബസന്തിയുടെ ചികിത്സാ ചെലവ് സംസ്ഥാന വനംവകുപ്പ് വഹിക്കുമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ബിമല്‍ പ്രസന്ന ആചാര്യ അറിയിച്ചു. ചട്ടപ്രകാരമുള്ള നഷ്ടപരിഹാരവും നല്‍കും. മുതല ശല്യമുള്ളയിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ചിട്ടും നാട്ടുകാര്‍ ഗൗനിക്കുന്നില്ലെന്ന പരാതി വനം ഉദ്യോഗസ്ഥര്‍ക്കുണ്ട്.
https://www.facebook.com/Malayalivartha























