പുതിയ ഇന്ത്യ വിഐപികളുടേതല്ലെന്നും അവിടെ എല്ലാവരും പ്രധാനപ്പെട്ടവരാണെന്നും പ്രധാനമന്ത്രി മോഡി

വിഐപി സംസ്‌കാരത്തിന് അറുതി വരുത്താനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ സജീവമായി തുടരവെ, 'വിഐപി'ക്ക് ബദലായി പുതിയ വാക്ക് അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചില വ്യക്തികള്‍ മാത്രം പ്രധാനപ്പെട്ടവരായി മാറുന്ന 'വിഐപി' എന്ന ആശയത്തിനു പകരം ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാകുന്ന 'ഇപിഐ' എന്ന ആശയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടുവച്ചത്.
പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍ കി ബാത്തി'ന്റെ പുതിയ പതിപ്പിലാണ് സമഭാവനയുടെ പുതിയ സന്ദേശവുമായുള്ള പ്രധാനമന്ത്രിയുടെ രംഗപ്രവേശം. പിറവി കൊള്ളുന്ന 'നവ ഭാരത'ത്തിന്റെ അടയാളങ്ങളിലൊന്നും 'ഇപിഐ' ആയിരിക്കുമെന്ന് പ്രധാനമന്ത്രി മോഡി വ്യക്തമാക്കി. 'ഡിജിറ്റല്‍ ഇന്ത്യ' എന്ന ആശയത്തിനൊപ്പം മോഡി തന്നെ പ്രചാരത്തിലാക്കിയ പ്രയോഗമാണ് 'നവ ഭാരതം'.
വിഐപികളായ ആളുകളുടെ വാഹനങ്ങളില്‍ നീല, ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് വിഐപി സംസ്‌കാരത്തിന് തടയിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ പശ്ചാത്തലത്തിലാണ് ഇതിനു ബദലായി 'ഇപിഐ' എന്ന പ്രയോഗം ഉയര്‍ത്തിക്കൊണ്ടുള്ള മോദിയുടെ പുതിയ നീക്കം.
രാജ്യത്തു നിലനിന്നിരുന്ന വിഐപി സംസ്‌കാരം ഇന്ത്യയുടെ ശാപമായിരുന്നു. വാഹനങ്ങളിലാണ് ചുവപ്പു ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നതെങ്കിലും, ആളുകളുടെ ശിരസിലും ഈ ചിഹ്നം പതിയുന്നതായി എനിക്ക് അനുഭവത്തില്‍നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വിഐപി സംസ്‌കാരത്തിന് തുടക്കം കുറിച്ചതും ഇതുതന്നെയാണ്. വാഹനങ്ങളില്‍നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നീക്കിയതുപോലെ, ആളുകളുടെ ശിരസില്‍നിന്നും വിഐപി സംസ്‌കാരത്തിന്റെ ചുവന്ന ലൈറ്റുകള്‍ നീക്കേണ്ടതുണ്ട്.
'വിഐപി'ക്കു പകരം ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാകുന്ന 'ഇഐപി'ക്കാണ് നവ ഭാരതത്തില്‍ സ്ഥാനം. രാജ്യത്തെ 125 കോടി പൗരന്‍മാരും ഒരുപോലെ പ്രധാനപ്പെട്ടവരാണ്. നാമെല്ലാം ഒന്നിച്ചുനിന്നാല്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ആശങ്കയുണ്ടാക്കുന്നുവെന്നും പ്രകൃതിയിലെ മാറ്റങ്ങള്‍ അറിഞ്ഞുജീവിക്കണമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി. ഭക്ഷണം പാഴാക്കരുതെന്ന ആഹ്വാനം യുവജനങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. വേനലവധിക്കാലത്ത് കുട്ടികള്‍ വീടിനു പുറത്തിറങ്ങി പുതിയ സ്ഥലങ്ങള്‍ കാണണമെന്നും പുതിയ കാര്യങ്ങള്‍ പഠിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























