കശാപ്പ് വില്‍പന നിയന്ത്രണ ഉത്തരവ് സ്‌റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കശാപ്പ് വില്‍പന നിയന്ത്രണ ഉത്തരവ് സ്‌റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷിച്ചു.കശാപ്പ് പൂര്‍ണമായും നിരോധിച്ചിട്ടില്ലെന്നും കശാപ്പിനായി ചന്തകള്‍ വഴിയുള്ള കന്നുകാലി വില്‍പനയ്ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇറച്ചി വില്‍ക്കുന്നതിനോ കശാപ്പിനോ നിരോധനമില്ല, അതിനാല്‍ കന്നുകാലി കടത്ത് നിയന്ത്രണ ഉത്തരവ് സ്‌റ്റേ ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
ഉത്തരവ് സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരായി വന്ന ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. ഈ ഹര്‍ജികള്‍ ഉത്തരവിനായാണ് മാറ്റിയത്.
കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തില്‍ ഹൈക്കോടതി വ്യക്തത വരുത്തിയിരുന്നു. കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും ചട്ടങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വായിച്ചുനോക്കാതെയാണ് പ്രതിഷേധവുമായി ഇറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം. കഴിക്കരുതെന്നോ കൊല്ലരുതെന്നോ വില്‍ക്കരുതെന്നോ ഒരു നിയമത്തിലും പറഞ്ഞിട്ടില്ല.
കേന്ദ്രത്തിന്റെ ഉത്തരവില്‍ മൗലികാവകാശങ്ങളുടെ ലംഘനമില്ല. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പിന്‍വലിച്ചു. ഇതേ വിഷയവുമായി ബന്ധപ്പെട്ടുളള മൂന്നു ഹര്‍ജികളും കോടതി ഇന്ന് പരിഗണിച്ചു.
https://www.facebook.com/Malayalivartha























