കാട്ടാനയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആന ചവിട്ടിക്കൊന്നു. 12 കാരി ഉള്‍പ്പെടെ നാല് പേരാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോയമ്പത്തൂരിലെ ഗണേശപുരത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഗണേശപുരം സ്വദേശികളായ ഗായത്രി (12), പി പളനി സാമി (73), വെല്ലൂര്‍ സ്വദേശികളായ ബി നാഗരത്തിനം (50), സുഹൃത്ത്, ജോതി മണി (68) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച കാടിറങ്ങിവന്ന ആന ബികെ പുദൂരില്‍ വച്ച് രണ്ട് വാച്ചര്‍മാരെയും ആക്രമിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ചയും ആന വനത്തിനുള്ളിലേയ്ക്ക് മടങ്ങിപ്പോകാത്തതിനെ തുടര്‍ന്ന് ആനയെ നിരീക്ഷിക്കാന്‍ മധുക്കരൈ വനത്തില്‍ വ്യാഴാഴ്ച രാത്രിയോടെ രണ്ട് പേരെ വിന്യസിച്ചിരുന്നു. എന്നാല്‍ 20-24 വയസ് പ്രായം വരുന്ന ആന ജനവാസ പ്രദേശത്തേയ്കക്ക് കടന്ന് ആക്രമിക്കുകയായിരുന്നു.
വീട്ടുമുറ്റത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വിജയകുമാറിനെയും മകള്‍ ഗായത്രിയേയും പുലര്‍ച്ചെ വീട്ടുമുറ്റത്തത്തിയ ആന ആക്രമിക്കുകയായിരുന്നു. എന്നാല്‍ വിജയകുമാറിന് നിസാരമായ പരിക്കേറ്റെങ്കിലും മകള്‍ ഗായത്രി ഉടന്‍ തന്നെ മരിക്കുകയായിരുന്നു. പുലര്‍ച്ചെ 3.15ഓടെയായിരുന്നു ആനയുടെ ആക്രമണം. തുടര്‍ന്ന് വെല്ലൂരിലെത്തി പളനിസാമിയെയും ആക്രമിക്കുകയായിരുന്നു.
നാഗരത്തിനം, ജ്യോതി മണി എന്നിവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ആനയെ വനത്തുള്ളിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആന ജനവാസ പ്രദേശങ്ങളില്‍ത്തന്നെ തുടരുകയായിരുന്നു. സംഭവത്തോടെ നൂറോളം പോലീസ് ഉദ്യോസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ടിഎന്‍ ഹരിഹരന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എ അമല്‍രാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha






















