ആശുപത്രി അധികൃതരുടെ ക്രൂരത മൃതദേഹത്തിനോടും...ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ചുകൊണ്ട് വൃദ്ധന്റെ യാത്ര

പണമില്ലെങ്കില്‍ ആംബുലന്‍സും ലഭിക്കില്ലഎന്നതാണ് ഇപ്പോഴത്തെ രീതി. ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് വൃദ്ധന്‍ ഭാര്യയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും കൊണ്ട് പോയത് ബൈക്കില്‍. വടക്ക് കിഴക്കന്‍ ബീഹാറിലെ പുരുനിയ ജില്ലയിലാണ് സംഭവം. ശങ്കര്‍ ഷാ എന്ന അറുപതുകാരനാണ് ഭാര്യയുടെ മൃതദേഹവുമായി ബൈക്കില്‍ പോയത്. പുരുനിയ ജില്ലയിലെ സദര്‍ ആശുപത്രിയില്‍ വച്ച് മരിച്ച ഭാര്യ സുശീലയുടെ (50) മൃതദേഹവുമായാണ് ശങ്കര്‍ ഷായ്ക്ക് ബൈക്കില്‍ പോകേണ്ടി വന്നത്.
ഭാര്യ മരിച്ചപ്പോള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ സ്വന്തം നിലയ്ക്ക് വാഹനം സംഘടിപ്പിച്ച് മൃതദേഹം കൊണ്ടു പോകാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചതെന്ന് ഷാ പറഞ്ഞു. തുടര്‍ന്ന് ഒരു ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചുവെങ്കിലും 2500 രൂപയാണ് ഇയാള്‍ വണ്ടിക്കൂലി ചോദിച്ചത്. ഇത്രയും തുക എടുക്കാനില്ലാത്തതിനെ തുടര്‍ന്ന് മകന്‍ പപ്പുവിന്റെ ബൈക്കിന് പിന്നിലിരുത്തി മൃതദേഹം കൊണ്ടു പോകാന്‍ തീരുമാനിച്ചത്.
ബൈക്കില്‍ ഇരുവര്‍ക്കുമിടയില്‍ ഇരുത്തിയ മൃതദേഹം താഴെ വീഴാതിരിക്കാന്‍ കിടക്കവിരി കൊണ്ട് കെട്ടിയിരുന്നു. ഒഡീഷ സ്വദേശിയായ ധനാ മാഞ്ചി തന്റെ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കൊണ്ട് പോയത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. അതിന് ശേഷവും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നാണ് വടക്കേ ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍.
https://www.facebook.com/Malayalivartha






















