ആഗ്രഹങ്ങള്‍ ബാക്കിയാക്കി മരണത്തിലും വേര്‍പെടാതെ ഇരട്ട സഹോദരിമാര്‍

സ്വന്തം വീട്ടില്‍ താമസിക്കാനുള്ള ആഗ്രഹം ബാക്കി വച്ച് മരണത്തിലും വേര്‍പിരിയാതെ ഇരട്ട സഹോദരിമാര്‍ യാത്രയായി. ഇന്നലെ തിരുവള്ളൂരിലെ പുഴയില്‍ മുങ്ങി മരിച്ച വിസ്മയയും സന്‍മയയും പിതാവ് ശശിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇത്രകാലവും പലയിടങ്ങളിലായി വാടകയ്ക്ക് കഴിയുകയായിരുന്നു.
സ്വന്തമായി വീടു പണിയുകയെന്ന സ്വപ്നം മനസ്സില്‍ സൂക്ഷിച്ച കൂലിപ്പണിക്കാരായ ശശി സുമ ദമ്പതിമാരുടെ മക്കള്‍ അതു യാഥാര്‍ഥ്യമാകും മുന്‍പു മരണത്തിലേക്ക് കൂപ്പുകുത്തി.രണ്ടു കുട്ടികളുടെയും മരണം തിരുവള്ളൂരിലും പരിസരത്തുമുള്ളവരെ ദുഃഖത്തിലാഴ്ത്തി. ചാനിയം കടവ് സൗമ്യത മെമ്മോറിയില്‍ യുപി സ്‌കൂളില്‍ നിന്ന് ഏഴാം ക്ലാസ് പാസായ ശേഷം തിരുവള്ളൂര്‍ ശാന്തിനികേതന്‍ എച്ച്എസ്എസില്‍ എട്ടില്‍ ചേര്‍ന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. രണ്ടു പേര്‍ക്കും ഒരു ഡിവിഷനില്‍ തന്നെ പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരിട്ടെത്തി പറഞ്ഞ് ഒരേ ക്ലാസിലേക്ക് മാറുകയായിരുന്നുവെന്ന് മരണ വിവരമറിഞ്ഞ് വടകര ജില്ലാ ആശുപത്രിയിലെത്തിയ അധ്യാപിക ഷീല പറഞ്ഞു.
കൂട്ടുകാരെപ്പോലെ ഒരിക്കലും വേര്‍ പിരിയാതെ കഴിഞ്ഞിരുന്ന ഇരുവരെയും മരണം തട്ടിയെടുത്തതും ഒന്നിച്ച്. മരണ വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലും പൊതു ദര്‍ശനത്തിനു വച്ച തിരുവള്ളൂര്‍ അങ്ങാടിയിലും സംസ്‌കാര ചടങ്ങ് നടത്തിയ പുതിയോട്ടില്‍ വീട്ടിലും നൂറു കണക്കിനാളുകളെത്തി. കുട്ടികളുടെ അമ്മ സുമയുടെ തറവാട് വീട് പൊളിച്ച് പണിയുന്നത് പാതി വഴിയിലാണ്. ഇതിന്റെ മുറ്റത്തോട് ചേര്‍ന്നാണ് ഇരുവരുടെയും സംസ്‌കാരം നടത്തിയത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, എംഎല്‍എമാരായ സി.കെ. നാണു, ഇ.കെ. വിജയന്‍, പഞ്ചായത്ത് പ്രസിഡന്റ് എം. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, പഞ്ചായത്ത് അംഗം കുണ്ടാറ്റില്‍ മൊയ്തു എന്നിവരും വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും ജന പ്രതിനിധികളും അന്തിമോപചാരമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha






















