കല്യാണ മണ്ഡപത്തില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍; ചേട്ടനെ തള്ളിമാറ്റി വധുവിനെ അനിയന്‍ താലികെട്ടി

തമിഴ്നാട്ടിലെ ഒരു വിവാഹ മണ്ഡപത്തില്‍ നാടകീയ രംഗങ്ങള്‍. താലി കെട്ടുന്നതിനിടെ ജേഷ്ഠനെ തള്ളി മാറ്റി വധുവിനെ അനുജന്‍ താലികെട്ടി. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുപ്പട്ടൂരിലാണ് നാടകീയ വിവാഹം നടന്നത്. ചെല്‍രാംപട്ടിയിലെ കാമാരവേല്‍ എന്നയാളുടെ രണ്ടാമത്തെ മകന്‍ കുമാറിന് വേണ്ടി നിശ്ചയിച്ചിരുന്ന പെണ്ണിനെയാണ് ഇയാളുടെ ഇളയ മകന്‍ വേലു സ്വന്തമാക്കിയത്.
രാജപാളയം സ്വദേശിനിയായ ഇരുപതുകാരിയാണ് വധു. ഈ മാസം ഒന്നിനായിരുന്നു വിവാഹം. കുമാര്‍ താലികെട്ടാനായി തുടങ്ങിയപ്പോള്‍ സമീപത്ത് നിന്നിരുന്ന വേലു ചേട്ടനെ തള്ളി മാറ്റിയ ശേഷം തന്റെ കൈയില്‍ കരുതിയിരുന്ന താലി വധുവിന്റെ കഴുത്തില്‍ കെട്ടുകയായിരുന്നു. വേലുവിന്റെ അപ്രതീക്ഷിത നീക്കത്തില്‍ വിവാഹത്തിനെത്തിയ ക്ഷണിതാക്കളും ബന്ധുക്കളും ഒരുപോലെ ഞെട്ടിത്തരിച്ചു. തുടര്‍ന്ന് വേലു അണിയിച്ച താലി അഴിച്ചു മാറ്റാന്‍ ബന്ധുക്കള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ താലി അഴിക്കാന്‍ പെണ്‍കുട്ടി കൂട്ടാക്കിയില്ല. ഒടുവില്‍ ഇരുവരും ആ സത്യം തുറന്ന് പറഞ്ഞു, തങ്ങള്‍ പ്രണയത്തിലാണ്. ഇക്കാര്യം അറിയാതെയാണ് ഇരു വീട്ടുകാരും പെണ്‍കുട്ടിയെ കുമാറിന് വിവാഹം ഉറപ്പിച്ചത്. ഇതോടെ കുമാര്‍ തന്റെ കയ്യിലിരുന്ന താലി വലിച്ചെറിഞ്ഞു. വേലു താലി കെട്ടിയെങ്കിലും ഇക്കാര്യം അംഗീകരിക്കാതെ പെണ്‍കുട്ടിയെ വീട്ടുകാര്‍ ബലമായി തിരികെ കൊണ്ടു പോയി.
സംഭവത്തിന്റെ ട്വിസ്റ്റ് അവിടെയും അവസാനിക്കുന്നില്ല. വേലുവല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചു നിന്നതോടെ വേലുവിനെ പെണ്‍വീട്ടുകാര്‍ തിരിച്ചു വിളിച്ചു. എന്നാല്‍ ഇയാള്‍ വധുഗൃഹത്തിലേക്ക് ചെല്ലാന്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് വേലുവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബലമായി പിടിച്ചു കൊണ്ടു പോയെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha






















