ഉത്തരേന്ത്യയില്‍ തക്കാളി ആവശ്യമേറിയതോടെ കേരളത്തില്‍ തക്കാളിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്

ഉത്തരേന്ത്യയില്‍ ആവശ്യം വര്‍ധിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ തക്കാളിയുടെ വില വര്‍ധിക്കുന്നു. അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ തക്കാളിക്ക് കിലോയ്ക്ക് 75- 80 രൂപ വരെയാണ് ഇപ്പോള്‍ വില. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കനത്ത മഴയില്‍ തക്കാളികൃഷിക്കു വന്‍തോതില്‍ നാശമുണ്ടായത് തിരിച്ചടിയായി. കഴിഞ്ഞ മാസം തുടക്കത്തില്‍ 15 രൂപയായിരുന്നു തക്കാളിയുടെ പരമാവധി മൊത്ത വില. ഇന്നലെ ഇത് 60 രൂപ വരെയായി. ചില്ലറ വില 80 വരെയും.
തക്കാളിയുടെ കേന്ദ്രമായ മൈസൂരുവില്‍ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണ്. നേരത്തെ എത്തിയിരുന്നതിന്റെ പകുതി ലോഡ് തക്കാളി മാത്രമെ ഇപ്പോള്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നുള്ളൂ. കര്‍ണാടകയിലും തമിഴ്‌നാട്ടിലും തക്കാളി വിളവെടുപ്പു തുടങ്ങാന്‍ സാധാരണ ഓഗസ്റ്റ് പകുതിയാകും. ഇത്തവണ നേരത്തെ വിളവെടുപ്പു തുടങ്ങിയിരുന്നു. ഉത്തരേന്ത്യയിലേക്കു തക്കാളി കയറ്റിപ്പോകുമെന്നു കര്‍ഷകര്‍ കരുതിയിരുന്നില്ല.
എന്നാല്‍ കച്ചവടക്കാര്‍ ഉത്തരേന്ത്യയില്‍നിന്നു കൂട്ടത്തോടെ എത്തിയതോടെ തക്കാളി മാര്‍ക്കറ്റില്‍ ഇല്ലാത്ത അവസ്ഥയായി. കൃഷിയിടത്തില്‍നിന്നു നേരിട്ടു കയറ്റിപ്പോകുകയാണു ചെയ്യുന്നത്. കേരളത്തിലെ കച്ചവടക്കാര്‍ നല്‍കുന്നതിലും കൂടുതല്‍ വില നല്‍കിയാണു കൊണ്ടുപോകുന്നത്. കേരളത്തില്‍ ആഭ്യന്തര വിപണിക്കു വേണ്ടി തക്കാളി കൃഷി ചെയ്യുന്നില്ല.
അപൂര്‍വം സ്ഥലങ്ങളില്‍ കൃഷി ഉണ്ടായിരുന്നുവെങ്കിലും മഴ തുടങ്ങും മുന്‍പ് വിളവെടുക്കുകയും ചെയ്തു. കഴിഞ്ഞ മേയില്‍ തക്കാളി മൊത്ത വില കിലോയ്ക്ക് നാലു രൂപ വരെ ആയിരുന്നു. അന്നു കര്‍ഷകര്‍ വന്‍ പ്രതിസന്ധി നേരിടേണ്ടി വന്നു.
https://www.facebook.com/Malayalivartha






















