കേണപേക്ഷിച്ചിട്ടും ആംബുലന്‍സ് ലഭിച്ചില്ല; യുപിയില്‍ മൃതദേഹം കൊണ്ടുപോയത് തുറന്ന റിക്ഷയില്‍

ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടു പോയതു തുറന്ന റിക്ഷയില്‍. സര്‍ക്കാര്‍ അധികാരികളോടും റെയില്‍വേ പൊലീസിനോടും ആംബുലന്‍സ് അനുവദിക്കാന്‍ അപേക്ഷിച്ചിട്ടും ഇതു ലഭിച്ചില്ലെന്നു മരിച്ചയാളുടെ ബന്ധുക്കള്‍ പറഞ്ഞു.
അട്ര റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ട്രാക്കിലാണു മൃതദേഹം കണ്ടെത്തിയത്. പിന്നീടു നടത്തിയ പരിശോധനയില്‍ ഇതു രാമസര്‍ എന്ന വ്യക്തിയാണെന്നു തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് ആംബുലന്‍സിനായി റെയില്‍വേ പൊലീസ് വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ആരും തയാറായില്ലെന്നാണു പൊലീസ് പറയുന്നത്.
തുടര്‍ന്നു നഗരത്തിലെ ആശുപത്രിയിലേക്കു മൃതദേഹം റിക്ഷയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കള്‍ തുറന്ന റിക്ഷയില്‍ ആശുപത്രിയിലേക്കു മൃതദേഹം കൊണ്ടു പോവുകയായിരുന്നു. എന്നാല്‍, ഇവര്‍ക്കൊപ്പം ആശുപത്രിയിലേക്കു പോയ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രചെയ്തത് ഇ-റിക്ഷയിലാണ്. മൃതദേഹം കൊണ്ടുപോകാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്നു പറഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇ-റിക്ഷയില്‍ പോയത്.
തുറന്ന റിക്ഷയില്‍ മൃതദേഹവുമായി പോയവര്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ വീട്, പൊലീസ് ലൈന്‍, തുടങ്ങി നിരവധി വിഐപി മേഖലയിലൂടെയാണ് കടന്നുപോയത്. ആരും സഹായിക്കാന്‍ എത്തിയില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. ആരും ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയാറാകാത്ത സാഹചര്യത്തിലാണു റിക്ഷയില്‍ മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതെന്ന് റെയില്‍വേ പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















