ആര്‍ത്തവ ദിനങ്ങളിലെ അശുദ്ധിയാചാരത്തിന്റെ ഭാഗമായി കാലിത്തൊഴുത്തില്‍ കിടക്കേണ്ടിവന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത്...

ആര്‍ത്തവ ദിനങ്ങളിലെ അശുദ്ധിയാചാരത്തിന്റെ ഭാഗമായി വീടിനകത്ത് പ്രവേശപ്പിക്കാതെ പുറത്ത് കഴിയാന്‍ നിര്‍ബ്ബന്ധിതയായ പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചു. നേപ്പാളിലെ ഒരു ഗ്രാമത്തില്‍ നിന്നും പുറത്തുവന്നിരിക്കുന്ന വാര്‍ത്തയില്‍ തുളസി ഷിഗി എന്ന 18 കാരിയാണ് മരിച്ചത്.
ആര്‍ത്തവ ദിനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ അയിത്തം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തെ കുടിലില്‍ കിടന്നുറങ്ങുമ്പോള്‍ രണ്ടു തവണ പെണ്‍കുട്ടിക്ക് പാമ്പുകടിയേല്‍ക്കുകയായിരുന്നു. അതേസമയം അവളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടുകാര്‍ കൂട്ടാക്കിയതേയില്ല. വിഷപ്പാമ്പാണ് കടിച്ചതെങ്കിലും അവളെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കാതെ വീട്ടുകാര്‍ സ്ഥലത്തെ സിദ്ധന്റെ അരികില്‍ കൊണ്ടുചെന്ന് പ്രാഥമിക ശുശ്രൂഷകളും മറ്റും മാത്രമായിരുന്നു നടത്തിയത്. ഏഴു മണിക്കൂറോളം കിടന്ന ശേഷം അവള്‍ മരണത്തിന് കീഴടങ്ങി
.
ആര്‍ത്തവ ദിനങ്ങളില്‍ ഏഴു ദിവസത്തോളം പെണ്‍കുട്ടികള്‍ വീട്ടില്‍ കയറാതെയും വീട്ടിലെ സാധനസാമഗ്രികളില്‍ തൊടാതെയും കിണറ്റില്‍ നിന്നും വെള്ളം കോരാതെയുമെല്ലാം ഇരിക്കണമെന്ന ചൗപടി ആചാരം നേപ്പാളില്‍ വ്യാപകമാണ്.

പരമ്പരാഗത ഹിന്ദു കുടുംബങ്ങളില്‍ ഇത്തരം ദിനങ്ങളില്‍ നേപ്പാളില്‍ പെണ്‍കുട്ടികളെ പുറത്ത് വേറെ പുര വെച്ചു മാറ്റിപാര്‍പ്പിക്കാറാണ് പതിവുള്ളത്. ഈ സമയങ്ങളില്‍ അവരില്‍ നിന്നും കുടുംബാംഗങ്ങള്‍ അയിത്തം പാലിക്കുകയും വീട്ടില്‍ നിന്നും മാറി ചൗ ഗോത്ത് എന്ന ചെറിയ പുരയില്‍ കിടക്കാന്‍ നിര്‍ബ്ബന്ധിതമാകാറുമാണ് പതിവ്. അതേസമയം ഈ ദുരാചാരം മൂലം ഒട്ടേറെ പ്രശ്‌നങ്ങളും പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്.
ഈ ആചാരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുള്ളത്. മിക്കവാറും കേസുകളില്‍ ക്ഷുദ്രജീവികളുടെ ആക്രമണത്തിന് ഇരയായി മരിക്കാറാണ് പതിവ്.
https://www.facebook.com/Malayalivartha






















