ചൈന-കശ്മീര്‍ പ്രശ്‌നങ്ങള്‍ കേന്ദ്രം വിശദീകരിച്ചു; സര്‍ക്കാരിന് പിന്തുണയെന്ന് പ്രതിപക്ഷം

സിക്കിമിലെ ദോക് ലാ പ്രദേശത്ത് ചൈന അതിക്രമിച്ച് കയറിയിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവും കശ്മീരിലെ സാഹചര്യവും വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ, പരമാവധി അഭിപ്രായ ഐക്യം സാധ്യമാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷാ വീഴ്ചയുണ്ടായതിന്റെ വിശദീകരണവും നല്‍കിയെന്ന് യോഗത്തിനുശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. വിദേശകാര്യ മന്ത്രിയും വിദേശകാര്യ സെക്രട്ടറിയും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ വിശദമായി പറഞ്ഞു. പ്രത്യേകിച്ച് സിക്കിമിലെ ദോക് ലാ വിഷയം. എല്ലാവരും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നല്‍കിയെന്ന് രാംവിലാസ് പാസ്വാനും പ്രതികരിച്ചു.
ഗുരുതരമായ പല ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിന്‍ പറഞ്ഞു. രാജ്യസുരക്ഷയ്ക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് ആനന്ദ് ശര്‍മ പ്രതികരിച്ചു. നയതന്ത്രലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. രാഷ്ട്രീയമല്ല, രാജ്യതാല്‍പര്യത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തൃപ്തിയുണ്ടെന്ന് അണ്ണാഡിഎംകെ എംപി നവനീതകൃഷ്ണന്‍ പറഞ്ഞു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















