ശശികലയുടെ ആഡംബര ജീവിതം റിപ്പോര്‍ട്ട് നല്‍കിയ ഡിഐജിയെ സ്ഥലം മാറ്റി

ബെംഗളൂരുന്മ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കു ജയിലില്‍ പ്രത്യേക അടുക്കള അനുവദിച്ചതായി ആരോപിച്ചു റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഡിഐജി ഡി. രൂപയെ സ്ഥലംമാറ്റി. ട്രാഫിക് വിഭാഗത്തിലേക്കാണു രൂപയെ സ്ഥലംമാറ്റിയിരിക്കുന്നത്. സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയ്ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം.
ജയില്‍ ഡിജിപി എച്ച്.എന്‍. സത്യനാരായണറാവുവിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. റാവു ഈ മാസം അവസാനം വിരമിക്കാനിരിക്കെ ഇദ്ദേഹത്തിനു പ്രത്യേക ചുമതലയൊന്നും നല്‍കിയിട്ടില്ല. പരപ്പന അഗ്രഹാര ജയിലില്‍ ശശികലയ്ക്കു പ്രത്യേക മുറി നല്‍കിയിരിക്കുന്നതും അവര്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ സന്ദര്‍ശകരോടു സംസാരിക്കുന്നതിന്റെയും തെളിവുകള്‍ വിഡിയോ ആയി രൂപ എടുത്തിരുന്നു.
പിന്നീട് ഈ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. പ്രത്യേക പരിഗണനയ്ക്കായി ശശികല ജയില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കായി രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയതായും രൂപ ആരോപിച്ചിരുന്നു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം മായ്ച്ചുകളഞ്ഞതാണെന്നും അവര്‍ പിന്നീടു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















