മുംബയിലെ കനത്ത മഴയില്‍ അഞ്ചു മരണം

ശനിയാഴ്ച മുതല്‍ തുടങ്ങിയ കനത്തമഴയില്‍ മുംബയില്‍ അഞ്ചു പേര്‍ മരിച്ചു. മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ഇന്നും മഴയ്ക്കുള്ള സാദ്ധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളുന്നില്ല. റോഡുകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലാണ്. പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിറുത്തിവച്ച ലോക്കല്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. 30 സെന്റീമീറ്റര്‍ മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്.
2005 ന് ശേഷം മുംബയില്‍ പെയ്യുന്ന ഏറ്റവും ശക്തമായ മഴയെ തുടര്‍ന്ന് റോഡ് വ്യോമ ഗതാഗതം തടസപ്പെട്ടിരുന്നു അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന സജ്ജമായിണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് മഴ ദുരിതം വിതച്ചത്.
കെ.ഇ.എം ആശുപത്രിയില്‍ വെള്ളം കയറിയത് പ്രവര്‍ത്തനത്തെ ബാധിച്ചു. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
തുറന്ന ഓവുചാലുകള്‍ ധാരാളമുള്ളതിനാല്‍ ആളുകള്‍ക്ക് റോഡുകളിലൂടെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
മാലിന്യം അടിഞ്ഞു കൂടിയ നഗരത്തിലെ ഓവുചാലുകള്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. മഴ ഇനിയും തുടര്‍ന്നാല്‍ മാലിന്യം നഗരം മൊത്തം ഒഴുകുമെന്ന ആശങ്കയും ഉയരുന്നു. ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചു. വ്യോമസേന റെയില്‍വേ സ്‌റ്റേഷനില്‍ ഭക്ഷണം വിതരണം ചെയ്തു.
https://www.facebook.com/Malayalivartha























