മാലേഗാവ് സ്‌ഫോടനക്കേസ്: പ്രതികളായ സുധാകര്‍ ചതുര്‍വേദിക്കും സുധാകര്‍ ദ്വിവേദിക്കും ജാമ്യം

2008 ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളായ സുധാകര്‍ ചതുര്‍വേദിക്കും സുധാകര്‍ ദ്വിവേദി എന്ന സ്വാമിദയാനന്ദ് പാണ്ഡെജാമ്യം അനുവദിച്ചു. മുംബൈ എന്‍.ഐ.എ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരുവരും രണ്ടുപേരുടെ ആള്‍ജാമ്യവും അഞ്ചുലക്ഷം രൂപ ജാമ്യതുകയും കോടതിയില്‍ കെട്ടിവെക്കണം.
കേസില്‍ ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രീം കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് സുധാകര്‍ ചൗധരിയും ദ്വിവേദിയും ജാമ്യഹരജി നല്‍കിയത്.
2008 ല്‍ അറസ്റ്റിലായ പുരോഹിതിന് ഒമ്പതു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം കഴിഞ്ഞ മാസം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രതിയായ വി.എച്ച്.പി നേതാവ് സാധ്വി പ്രജ്ഞാ സിങ് താക്കൂറിന് കഴിഞ്ഞ ഏപ്രില്‍ 25 ന് ബോംബെ ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു.
2008 സെപ്റ്റംബര്‍ 29 നായിരുന്നു നാസിക്കിനു സമീപം മാലേഗാവില്‍ സ്‌ഫോടനം നടന്നത്. ഏഴുപേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടാണ് സ്‌ഫോടനത്തിന് മാലേഗാവ് തെരഞ്ഞെടുത്തതെന്ന് എന്‍.ഐ.എ സമര്‍പ്പിച്ച 4000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

കുറ്റപത്രത്തില്‍ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍, ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമിദയാനന്ദ് പാണ്ഡെ എന്നിവരെയാണ് സ്‌ഫോടനത്തിന്റെ മുഖ്യാസൂത്രകരായി പറഞ്ഞിട്ടുള്ളത്. പാണ്ഡെയുടെ നിര്‍ദേശപ്രകാരമാണ് കേണല്‍ പുരോഹിത് സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചത്. താക്കൂറിന്റെ ഉടമസ്ഥയിലുള്ള മോട്ടോര്‍ സൈക്കിളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha


























