പേരറിവാളന്റെ പരോൾ ഒരു മാസം കൂടി നീട്ടണമെന്ന് അമ്മ അർപ്പുതമ്മാൾ

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോൾ നീട്ടണമെന്ന ആവശ്യവുമായി അമ്മ അർപ്പുതമ്മാൾ. ഇക്കാര്യം ആവശ്യപ്പെട്ട് അവർ തമിഴ്നാട് ജയിൽ വകുപ്പ് മന്ത്രിക്ക് അപേക്ഷ നൽകി. ഒരു മാസം കൂടി പരോൾ നീട്ടിനൽകണമെന്നാണ് അമ്മയുടെ ആവശ്യം. ആവശ്യം പരിഗണിക്കാമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
ഓഗസ്റ്റ് 24നാണ് രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ പേരറിവാളൻ(അറിവ്) 26 വർഷങ്ങൾക്കുശേഷം പരോളിൽ ജയിൽമോചിതനായത്. തമിഴ്നാട് സർക്കാർ 30 ദിവസത്തെ പരോളാണ് അനുവദിച്ചത്. പ്രായമായി രോഗാവസ്ഥയിൽ കഴിയുന്ന മാതാപിതാക്കളെ സന്ദർശിക്കുന്നതിനാണ് പരോൾ അനുവദിച്ചത്. പേരറിവാളന്റെ അമ്മ അർപ്പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു സർക്കാർ തീരുമാനം.
1991 മേയ് 21 നാണു രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1998 ജനുവരിയിൽ പ്രത്യേക കോടതി 26 പ്രതികൾക്കു വധശിക്ഷ വിധിച്ചു. 1999 മേയ് 11ന് ഇവരിൽ നളിനിയുൾപ്പെടെ നാലു പ്രതികൾക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വെല്ലൂർ സെൻട്രൽ ജയിലിലാണ് പേരറിവാളനെ താമസിപ്പിച്ചിരുന്നത്.
കേസിൽ പ്രതിയായ നളിനിയുടെ വധശിക്ഷ, തമിഴ്നാട് മന്ത്രിസഭയുടെയും കോണ്ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടേയും അഭ്യർഥനകൾ പരിഗണിച്ചു ജീവപര്യന്തമാക്കി നേരത്തേ ഇളവുചെയ്തിരുന്നു. തുടർന്ന് മറ്റുപ്രതികളുടെയും വധശിക്ഷ കോടതി ജീവപര്യന്തമാക്കി ചുരുക്കി.
https://www.facebook.com/Malayalivartha


























