അദാനിഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു, അദാനിക്കെതിരായ വാര്‍ത്തകളാണ് വിസ നിഷേധിക്കാന്‍ കാരണമായതെന്ന് അമൃത സ്ലീ

ഓസ്‌ട്രേലിയയില്‍ അദാനിഗ്രൂപ്പ് നടത്തിയ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു. ഇന്ത്യന്‍വംശജയായ അമൃത സ്ലീ അടക്കമുള്ളവര്‍ക്കാണ് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചത്. അദാനിക്കെതിരായ വാര്‍ത്തകളാണ് വിസ നിഷേധിക്കാന്‍ കാരണമായതെന്ന് അമൃത സ്ലീ പ്രതികരിച്ചു.
ഓസ്‌ട്രേലിയന്‍ വിദേശവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഓസ്‌ട്രേലിയ ഇന്ത്യ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് അമൃത സ്ലീയും സഹപ്രവര്‍ത്തകരും ഇന്ത്യയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പദ്ധതിയിട്ടത്. ഇന്ത്യയിലെ പ്രമുഖരുമായും സാധാരണക്കാരുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കാനിരുന്നത്. സിഡ്‌നിയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ കഴിഞ്ഞ നവംബറിലാണ് വിസയ്ക്കായി അപേക്ഷിച്ചത്.
ജനുവരിവരെ കാക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സമയം കഴിഞ്ഞിട്ടും സ്ലീക്കും ഒപ്പമുള്ള മൂന്നുപേര്‍ക്കും വിസ കിട്ടിയില്ല. നിരവധി തവണ അന്വേഷിച്ചു. ഇമെയിലും അയച്ചു. ഒന്നിനും മറുപടി ലഭിച്ചില്ല. ഡല്‍ഹിയില്‍ വിളിച്ചിട്ടും കൃത്യമായ പ്രതികരണമില്ലെന്ന് അമൃത സ്ലീ പറഞ്ഞു.
അദാനിഗ്രൂപ്പിന്റെ കല്‍ക്കരിപ്പാടങ്ങളെക്കുറിച്ച് കഴിഞ്ഞവര്‍ഷം എബിസി ന്യൂസ് പുറത്തുവിട്ട വാര്‍ത്തയാണ് വിസ നിഷേധത്തിനുള്ള കാരണമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ സൂചിപ്പിച്ചതായി അമൃത സ്ലീ പറഞ്ഞു. 'മഹാന്മാരായ നേതാക്കള്‍ സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ടെന്ന എന്റെ പ്രതീക്ഷ തെറ്റി.
എന്റെ വിശ്വാസം ശരിയല്ലെന്ന് ഇന്ത്യയിലെ സുഹൃത്തുക്കള്‍ കുറച്ചുകാലമായി പറയാറുണ്ടായിരുന്നു. കടുപ്പമേറിയ സത്യം എനിക്ക് ഇപ്പോള്‍ നേരിട്ട് ബോധ്യമായിരിക്കുന്നു' അമൃത സ്ലീ പറഞ്ഞു.
https://www.facebook.com/Malayalivartha
























