ആധാര്‍ ഇല്ലാത്തതിനാൽ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിയുടെ വരാന്തയിൽ പ്രസവിച്ചു

ആധാര്‍ ഇല്ലാത്തതിനാൽ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിയുടെ വരാന്തയിൽ പ്രസവിച്ചു. ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയിലാണ് മുന്നി എന്ന 25 കാരിയായ യുവതിയ്ക്ക് പ്രവേശനം നിഷേധിച്ചത്. പ്രസവവേദനമൂലം മുന്നി ഭര്‍ത്താവ് ബബ്ലുവുമായി ആശുപത്രിയിലെത്തി.
അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയശേഷം മാത്രമേ പ്രസവവാർഡിൽ കയറ്റുകയുള്ളുവെന്ന് ഗൈനക്കോളജിസ്റ്റും നഴ്‌സുമാരും പറഞ്ഞു. ആധാര്‍ കാര്‍ഡ് കാണിക്കാതെ സ്‌കാനിംഗ് നടത്തില്ലെന്ന് അധികൃതരും പറഞ്ഞു. ആധാര്‍ നമ്പറും വോട്ടര്‍ ഐഡി കാര്‍ഡും ഉണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാര്‍ സ്‌കാനിംഗ് നടത്തിയില്ല. ഒടുവിൽ രണ്ട് മണിക്കൂറോളം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനു പുറത്തെ വരാന്തയില്‍ വേദനയനുഭവിച്ച് കിടന്ന യുവതി മുന്നി അവിടെത്തന്നെ പ്രസവിക്കുകയായിരുന്നു. അമ്മയും കുഞ്ഞും ഇപ്പോള്‍ സിവില്‍ ആശുപത്രിയിലെ തന്നെ മാതൃശിശു വിഭാഗത്തിന്റെ ശുശ്രൂഷണത്തിലാണ്.
സംഭവത്തെത്തുടര്‍ന്ന് ജനങ്ങള്‍ ആശുപത്രിയിലേക്ക് തടിച്ച്ക്കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു. ആധാര്‍ കാര്‍ഡ് കയ്യിലില്ലാത്തതിനാലാണ് പ്രശ്‌നങ്ങളുണ്ടായതെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നും യുവതിയും കുടുംബവും പറഞ്ഞു. ഗര്‍ഭിണിയായ ശേഷം മുന്നി മതിയായ ആരോഗ്യപരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും അതുകൊണ്ടാണ് സ്‌കാനിംഗ് റിപ്പോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്ന് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha
























