സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് ജോധ്പൂര്‍ കോടതി

കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. കൂട്ടുപ്രതികളായ ബോളിവുഡ് താരങ്ങളായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ കോടതി വെറുതെവിട്ടു. ജോധ്പുര്‍ വിചാരണ കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖത്രിയാണ് വിധി പുറപ്പെടുവിച്ചത്.
1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് കേസില്‍ സല്‍മാന്‍ ഖാനെ കുറ്റക്കാരനായി കണ്ടെത്തിയത്. 1998ല്‍ രാജസ്ഥാനിലെ കങ്കാണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സല്‍മാനു പുറമെ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സല്‍മാന്‍ അടക്കം മുഴുവന്‍ പ്രതികളുടെ വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. സല്‍മാന് വേണ്ടി അഭിഭാഷകന്‍ എച്ച്.എം സരസ്വത് ഹാജരായി. വംശനാശത്തിന്റെ വക്കിലത്തെിയ ബ്ലാക്ക് ബക്ക് എന്ന അപൂര്‍വ മാനിനെ 1998 ഒക്ടോബര്‍ ഒന്നിന് വേട്ടയാടുകയും നിയമ വിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്ത കേസിലാണ് സല്‍മാന്‍ ഖാന്‍ വിചാരണ നേരിടുന്നത്. ബാക്കി താരങ്ങള്‍ സല്‍മാനോടൊപ്പമുണ്ടായിരുന്നതിനാലാണ് കേസിലകപ്പെട്ടത്. 'ഹം സാത് സാത് ഹൈ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവമുണ്ടായത്.
https://www.facebook.com/Malayalivartha






















