ആധാറിലൂടെ ബാങ്ക് തട്ടിപ്പുകള്‍ തടയാനാകുമെന്ന കേന്ദ്രവാദം തള്ളി സുപ്രീംകോടതി

ആധാറിലൂടെ ബാങ്ക് തട്ടിപ്പുകള്‍ തടയാനാകുമെന്ന കേന്ദ്രവാദം തള്ളി സുപ്രീംകോടതി. ആര്‍ക്കാണ് വായ്പ അനുവദിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ബാങ്ക് അധികൃതരാണ്. അവരാണ് തട്ടിപ്പുകാരുമായി കൈകോര്‍ത്ത് വായ്പകള്‍ അനുവദിക്കുന്നത്.
ആധാര്‍ മുഖേന ബാങ്ക് തട്ടിപ്പ് തടയാനാകുമെന്ന് വാദിക്കുന്നത് തെറ്റാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു. പിഎന്‍ബി വായ്പാ തട്ടിപ്പ് ഉള്‍പ്പെടെയുള്ളവ ഓര്‍മിപ്പിച്ചാണ് കോടതിയുടെ നിരീക്ഷണം. ബാങ്ക്‌സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഗുണഫലം വിശദീകരിക്കുന്ന അവസരത്തിലാണ് വലിയ ബാങ്ക് തട്ടിപ്പ് തടയാന്‍ ആധാര്‍ സഹായകമാകുമെന്ന വാദം കേന്ദ്രം മുന്നോട്ടുവച്ചത്. ഇത് തള്ളിയ കോടതി ചെറിയ ചില തട്ടിപ്പുകള്‍ തടയാന്‍ ചിലപ്പോള്‍ സാധിച്ചേക്കുമെന്നും അഭിപ്രായപ്പെട്ടു. നേരത്തെ ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ഫോണുകള്‍ തുടങ്ങിയ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഭരണഘടനാ ബെഞ്ച് അനിശ്ചിതമായി നീട്ടിയിരുന്നു.
ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് അന്തിമവിധി പുറപ്പെടുവിക്കുന്നതുവരെ ഈ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ഇടക്കാല ഉത്തരവില്‍ കോടതി പറഞ്ഞു. അതേസമയം, ജനങ്ങള്‍ പട്ടിണി കിടക്കുന്ന രാജ്യത്ത് സ്വകാര്യതയ്ക്കാണോ പ്രാധാന്യം നല്‍കേണ്ടതെന്ന എജിയുടെ വാദം കോടതിയെ ചൊടിപ്പിച്ചു. എന്തെങ്കിലും ആനുകൂല്യത്തിന്റെ പേരില്‍ സ്വകാര്യത പകരം കൊടുക്കണമെന്ന വാദം അംഗീകരിക്കാനാകില്ല. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ നല്‍കിയതുകൊണ്ട് ഒരാള്‍ അടിമയാകണമെന്നു പറയുന്നതുപോലെയാണെന്നും കോടതി വിമര്‍ശിച്ചു.
ആധാറിന്റെ തിരിച്ചറിയല്‍ പ്രക്രിയക്കുവേണ്ടി എന്തെല്ലാം വിശദാംശം പൗരന്മാരില്‍നിന്ന് ശേഖരിക്കാന്‍ സാധിക്കുമെന്ന വിഷയത്തില്‍ അനിശ്ചിതത്വം തുടരുകയാണെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha






















