അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ തുടരുന്ന സാഹചര്യത്തില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന സൂചനയുമായി ഇന്ത്യ

അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ തുടരുന്ന സാഹചര്യത്തില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന സൂചനയുമായി ഇന്ത്യ. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി കൂടിക്കാഴ്ചയ്ക്കിടെയാണ് സാര്‍ക്ക് വിഷയം ഉയര്‍ന്നു വന്നത്. 2014ല്‍ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആസന്നമായിരിക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മോദി അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു.
ഇന്ത്യ, ബംഗ്‌ളാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഊഴമനുസരിച്ചാണ് പ്രസ്തുത രാജ്യങ്ങള്‍ സാര്‍ക്ക് ഉച്ചകോടിയ്ക്ക് ആതിഥ്യമരുളുക. 2014ല്‍ കാഠ്മണ്ഡുവിലാണ് അവസാനത്തെ സാര്‍ക്ക് ഉച്ചകോടി നടന്നത്. 2016ല്‍ ഇസ്‌ലാമാബാദില്‍ നടക്കേണ്ടിയിരുന്ന സമ്മേളനം, ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കുകയായിരുന്നു. ഇന്ത്യയുടെ സമ്മര്‍ദ്ദ ഫലമായി ബംഗ്‌ളാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സാര്‍ക്കില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു ഇത്.
അതുകൊണ്ടുതന്നെ ഇരുപതാമത്തെ സാര്‍ക്ക് സമ്മേളനം ഇസ്‌ലാമാബാദില്‍ വച്ച് നടത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ മാസം നടത്തിയ നേപ്പാള്‍ സന്ദര്‍ശനത്തിനിടെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖഗാന്‍ അബ്ബാസി ഇക്കാര്യത്തിലുള്ള പിന്തുണ നേപ്പാള്‍ പ്രാധാനമന്ത്രി കെ.പി ഒലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















