കാവേരി നദീജല പ്രശ്നത്തിൽ തമിഴ്‌നാട്ടിൽ പ്രക്ഷോഭം രൂക്ഷം; നടികർ സംഘം ഉപവാസം സംഘടിപ്പിക്കുന്നു; ഇത് കളിക്കാനുള്ള സമയമല്ല എന്നും ഐ പി ൽ വേദിയിൽ പ്രതിഷേധമുണ്ടാകുമെന്നും രജനികാന്ത്

കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് രംഗത്തെത്തി. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ല ഇതെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നും രജനീകാന്ത് പറഞ്ഞു. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
രജനികാന്ത്, വിജയ്, സൂര്യ, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവര്‍ കോട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം സംഘടിപ്പിക്കുന്നത്. കാവേരി ബോര്‍ഡ് രൂപവത്കരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വൈകുന്നതാണ് തമിഴ്‌നാട്ടില്‍ ഇത്തരത്തിൽ പ്രക്ഷോഭം ശക്തമാവാന്‍ കാരണം.
സംവിധായകന്‍ ഭാരതിരാജ, സംഗീതസംവിധായകന്‍ ജെയിംസ് വസന്തന്‍ എന്നിവരും ഇവിടെ ഐ.പി.എല്‍. മത്സരം നടത്തുന്നതിനെതിരേ രംഗത്ത് വന്നിരുന്നു. കാവേരി സമരത്തെ മുന്നില്‍ നിന്ന് നയിക്കുന്ന മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഐ.പി.എല്‍. ബഹിഷ്‌കരണത്തിന്റെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും മനഃസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാമെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
ഐ പി എല്ലിൽ ചെന്നൈ ടീമംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. ഏപ്രില്‍ 10-ന് ചെന്നൈ ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐ.പി.എല്‍. മത്സരം. വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന് ഏര്‍പ്പെടുത്തിരിക്കുന്ന അയോഗ്യത നീങ്ങിയതിനെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ചെന്നൈ വീണ്ടും ഐ.പി.എല്ലിന് വേദിയാകുന്നത്. ഏപ്രില്‍ പത്ത് മുതല്‍ മെയ് 20 വരെ ഏഴു മത്സരങ്ങള്‍ക്കാണ് ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാകുക.
https://www.facebook.com/Malayalivartha






















