ഉത്തര്‍പ്രദേശിൽ കൗമാരക്കാരായ സഹോദരിമാർ വെടിയേറ്റു മരിച്ച നിലയില്‍

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇറ്റാവയിലെ ബാസാഹേറെയിൽ ഇന്ന് രാവിലെയാണ് സഹോദരിമാരായ പതിനേഴും പതിമൂന്നും വയസുള്ള പെൺകുട്ടികളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക കൃത്യങ്ങൾക്കായി പുറത്തു പോയ പെൺകുട്ടികൾ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന കാര്യം വ്യക്തമാക്കി മാതാപിതാക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതിപ്പെട്ടിരുന്നു. വെടിയുണ്ടകളും പെണ്‍കുട്ടികളുടെ ചെരുപ്പുകളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
കൃഷിയിടങ്ങളിലേക്ക് പോയ ഗ്രാമീണരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. പോലീസിനെയും ബന്ധുക്കളെയും അവരാണ് വിവരം അറിയിച്ചത്. തങ്ങള്‍ക്ക് ശത്രുക്കള്‍ ആരുമില്ലെന്നും അതുകൊണ്ടുതന്നെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൊലപാതകത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു. ഉന്നാവോ ബലാത്സംഗം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹമരണം.
https://www.facebook.com/Malayalivartha
























