ചെങ്കല്‍പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ജഡം ജസ്‌നയുടേതല്ലെന്ന് സ്ഥിരീകരണം, മൃതദേഹം ചെന്നൈ സ്വദേശിനിയുടേത്, ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു

തമിഴ്‌നാട്ടില്‍ കാഞ്ചീപുരം ചെങ്കല്‍പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ജഡം പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ചെന്നൈ അണ്ണാനഗര്‍ സ്വദേശിനിയുടെ മൃതദേഹമാണിതെന്നും ഇന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മേയ് 29 മുതല്‍ ഈ യുവതിയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ മൃതദേഹത്തിലെ പല്ലില്‍ ക്ലിപ്പ് ഇട്ടിട്ടുണ്ട്. ജസ്‌നയുടെ പല്ലിനും ക്ലിപ്പുണ്ടായിരുന്നു. അതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍, ജസ്‌ന മൂക്കുത്തി ധരിച്ചിരുന്നില്ല. കത്തിക്കരിഞ്ഞ ജഡത്തില്‍ മൂക്കുത്തിയുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയ സൂട്ട്‌കേസിലെ വസ്ത്രങ്ങള്‍ ജസ്‌നയുടേതാണോയെന്ന് പരിശോധിച്ചെങ്കിലും സഹോദരന്‍ ജയ്‌സ് തിരിച്ചറിഞ്ഞില്ല. കണ്ടെത്തിയ മൃതദേഹത്തിന് ജസ്‌നയുടേതിനെക്കാള്‍ പ്രായവും തോന്നിക്കുന്നുണ്ട്. ചെങ്കല്‍പേട്ടിലെ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോഴുള്ളത്.
വ്യാഴാഴ്ച രാത്രിയിലാണ് കത്തിക്കരിഞ്ഞ ജഡം തമിഴ്‌നാട് പൊലീസ് കണ്ടെത്തിയത്. ചാക്കില്‍ കൊണ്ടുവന്ന എന്തോ രണ്ടുപേര്‍ ചേര്‍ന്ന് കത്തിക്കുന്നതുകണ്ട് നൈറ്റ് പട്രോളിംഗ് സംഘം പരിശോധിക്കാനായി ജീപ്പ് നിറുത്തിയപ്പോള്‍ ഇവര്‍ ഓടിപോവുകയായിരുന്നു. സംശയം തോന്നിയ പൊലീസ് വെള്ളം ഒഴിച്ച് തീ അണച്ചു. അപ്പോഴാണ് ഒരു സ്ത്രീയുടെ ജഡമാണെന്ന് മനസിലായത്. ഇതിനോടകം തന്നെ മുഖം ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു. പെട്രോളോ മറ്റോ ഒഴിച്ചശേഷമാണ് തീ കൊളുത്തിയതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























