യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അടുപ്പക്കാരായ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ജോലി ഏല്‍പ്പിക്കുകയും, ഫണ്ട് തിരിമറി നടത്തുകയും ചെയ്തു ; എംപി ഫണ്ടിൽ നിന്ന് സ്മൃതി ഇറാനി കോടിക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന ആരോപണവുമായി ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കെതിരെ അഴിമതി ആരോപണവുമായി ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമിത് ചവ്ധ. എം.പിയുടെ പ്രാദേശിക വികസന പദ്ധതിക്കായി (എം.പി.എല്‍.എ.ഡി) അനുവദിച്ച ഫണ്ടില്‍ സ്മൃതി ഇറാനി തിരിമറി നടത്തിയെന്ന് ചവ്ധ ആരോപിക്കുന്നു. ട്വിറ്ററിലൂടെയാണ് ആരോപണവുമായി ഇദ്ദേഹം മുന്നോട്ട് വന്നത്.
അമിത് ചവ്ധ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ ;
‘സ്മൃതി ഇറാനി ആനന്ദ് ജില്ലയിലെ മഗ്‌റോള്‍ ഗ്രാമം മോഡല്‍ വില്ലേജ് ആക്കുമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് വലിയ അഴിമതിയാണ് അവര്‍ നടത്തിയിരിക്കുന്നത്. എം.പി.എല്‍.എ.ഡി പദ്ധതിക്ക് കീഴില്‍ ലഭിച്ച ഫണ്ട് അവര്‍ ദുരുപയോഗം ചെയ്തു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തന്റെ അടുപ്പക്കാരായ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ജോലി ഏല്‍പ്പിക്കുകയും, ഫണ്ട് തിരിമറി ചെയ്യുകയുമായിരുന്നു’.
‘എം.പി.എല്‍.എ.ഡി പദ്ധതിക്ക് കീഴില്‍, 50 ലക്ഷം രൂപയില്‍ കൂടുതലുള്ള കരാറുകള്‍ ഒരു ഗ്രൂപ്പിന് മാത്രമായി നല്‍കാന്‍ നിയമമില്ലെന്നിരിക്കെയാണ് സ്മൃതി ഇറാനി തന്റെ അടുപ്പക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. ഈ കോര്‍പ്പറേറ്റ് കമ്പനിക്ക് നിരവധി തവണ ഇവര്‍ കരാര്‍ കൈമാറിയിട്ടുണ്ട്. മാത്രമല്ല 2017 ജൂണ്‍ മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ ജോലികള്‍ സമയബന്ധിതമായി തീര്‍ത്തിട്ടുമില്ല. എസ്റ്റിമേറ്റും യഥാര്‍ത്ഥ ചിലവും തമ്മില്‍ വലിയ അന്തരം കാണുന്നുമുണ്ട്. പല പദ്ധതികളും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെങ്കിലും തുക പൂര്‍ണമായും കമ്പനിക്ക് നല്‍കിയിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2017 ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹരജി താന്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 4.8 കോടി രൂപ സ്മൃതി ഇറാനിയുടെ പ്രതിനിധിയായ ശര്‍ദ മജൂറിനോട് റീഫണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടത്.. 18 ശതമാനം വാര്‍ഷിക പലിശ അടക്കമാണ് തുക അടക്കാന്‍ പറഞ്ഞത്.’ എന്ന് അമിത് ചധ്‌വ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























