മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ യോഗ്യത നിര്‍ണയ പരീക്ഷ (നീറ്റ്) എഴുതാനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തിയതിനെതിരെ ലഭിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ യോഗ്യത നിര്‍ണയ പരീക്ഷ (നീറ്റ്) എഴുതാനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തിയതിനെതിരെ ലഭിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്. പരീക്ഷയെഴുതാന്‍ കഴിയാത്ത 170 പേര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, അശോക് ഭൂഷന്‍ എന്നിവര്‍ കേന്ദ്ര സര്‍ക്കാര്‍, സി.ബി.എസ്.ഇ, കേരള സര്‍ക്കാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്. കേസിലെ അടുത്ത വിചാരണ ജൂലൈ 10ന് നടക്കും.
നിലവില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധന അനുസരിച്ച് പൊതുവിഭാഗത്തിന് 25 വയസ്സും സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് 30 വയസ്സുമാണ് നീറ്റ് പരീക്ഷ എഴുതാനുള്ള പ്രായപരിധി.
ഇത് ചോദ്യംചെയ്ത് കഴിഞ്ഞ മേയ് 11ന് വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രായപരിധി വിവേചനപരമാണെന്ന് വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
ഓപണ്‍ സ്‌കൂള്‍ മുഖേന ബയോളജി, ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍ കൂടുതലായി പഠിക്കുന്നവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം കൂടി അധിക കാലയളവ് ആവശ്യമായതിനാല്‍ ഇപ്പോഴത്തെ പ്രായപരിധി വിവേചനപരവും നീതിനിഷേധവുമാണെന്നാണ് ഹരജിക്കാര്‍ വാദിക്കുന്നത്.
https://www.facebook.com/Malayalivartha


























