ജമ്മുകാശ്മീര്‍ ബന്ദിപ്പൂര ജില്ലയിലെ സൈനിക പോസ്റ്റിനും പൊലീസ് സ്‌റ്റേഷനും നേരെ തീവ്രവാദി ആക്രമണം

ജമ്മുകാശ്മീര്‍ ബന്ദിപ്പൂര ജില്ലയിലെ സൈനിക പോസ്റ്റിനും പൊലീസ് സ്‌റ്റേഷനും നേരെ തീവ്രവാദി ആക്രമണമുണ്ടായത്. ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ തീവ്രവാദികള്‍ ക്യാംപിലേക്ക് തുരുതുരെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. സൈന്യം ഉടന്‍ ശക്തമായ തിരിച്ചടി നല്‍കി. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം. ചൊവ്വാഴ്ച രാത്രിയില്‍ 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിന്റെ ഇരുഭാഗങ്ങളില്‍ നിന്നുമെത്തിയ ആറോളം തീവ്രവാദികളാണ് ആക്രമണം നടത്തിയത്.
ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് സൈന്യത്തിന്റെ പ്രാഥമിക നിഗമനം. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. അതേസമയം, ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്പ് വിദൂര നിയന്ത്രിത സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് കാശ്മീരില്‍ സൈനിക വാഹനം തകര്‍ത്തിരുന്നു. ശ്രീനഗറിലെ സൈനിക പോസ്റ്റില്‍ ഇരച്ച് കയറിയ ഭീകരര്‍ സൈനികരുടെ കയ്യില്‍ നിന്നും ആയുധങ്ങള്‍ തട്ടിയെടുക്കാനും ശ്രമിച്ചു.
യാതൊരു പ്രകോപനവും ഇല്ലാതെ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞതിന് പിന്നാലെയാണ് സൈനിക ക്യാംപില്‍ ആക്രമണമുണ്ടാകുന്നത്.
https://www.facebook.com/Malayalivartha



























