നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായി പോലീസ് ; പതിവുനാടകമെന്നു കോണ്ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഭീമ കൊറോവ് കലാപവുമായി ബന്ധപ്പെട്ട് പൂന പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചു പേരിൽ ഒരാളുടെ വീട്ടിൽനിന്നു ലഭിച്ച കത്തിലാണ് ഈ വിവരമുള്ളതെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ചയാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ഭീമ കൊറോവ് കലാപവുമായി ബന്ധപ്പെട്ട് ദളിത് സാമൂഹ്യപ്രവർത്തകരായ സുധീർ ധവാലെ, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത്, ഷോമ സെൻ, റോണ വിൽസണ് എന്നിവരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയാളിയായ റോണ വിൽസണിന്റെ വീട്ടിൽ നിന്ന് കത്ത് ലഭിച്ചെന്നാണു പോലീസ് അവകാശപ്പെടുന്നത്. മോദിയുടെ പേര് പരാമർശിക്കാതെയാണ് ജില്ലാ ഗവണ്മെന്റ് പ്ലീഡർ കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ചത്. അറസ്റ്റിലായ മഹേഷ് റാവത്ത് മുൻ പ്രധാനമന്ത്രിയുടെ ഗ്രാമവികസന പരിപാടികളുടെ മേൽനോട്ടക്കാരനായിരുന്നു.
അതേസമയം, പൂന പോലീസിന്റെ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് കോണ്ഗ്രസ് രംഗത്തെത്തി. മുഖം വികൃതമാകുന്പോഴൊക്കെ വധിക്കാൻ നീക്കം എന്ന വാർത്തയുണ്ടാക്കുന്ന മോദിയുടെ പഴയകാല തന്ത്രമാണ് ഇവിടെയും നടപ്പാകുന്നതെന്ന് കോണ്ഗ്രസ് മഹാരാഷ്ട്ര നേതൃത്വം പരിഹസിച്ചു.
https://www.facebook.com/Malayalivartha























