കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; ആൾകൂട്ടത്തിന്റെ ക്രൂര മർദ്ദനത്തെത്തുടർന്ന് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

ഗുവഹത്തി: ആസാമിലെ ഗുവഹത്തിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ആൾകൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നതായി റിപ്പോർട്ടുകൾ.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ എത്തിയിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടർന്നാണ് ആൾകൂട്ടം യുവാക്കളെ പിടികൂടി ക്രൂരമായി മർദ്ദിച്ചത്. അഭിജിത് നാഥ്, നിലോത്പാൽ ദാസ് എന്നിവരെയാണ് ആൾകൂട്ടം കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം വെസ്റ്റ് കാർബി ആംഗ്ലോംഗ് ജില്ലയിൽ ഡോക്മോകയിലായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകുന്നേരം കാറിലെത്തിയ ഇരുവരെയും നാട്ടുകാർ “സംശയകരമായ’ സാഹചര്യത്തിൽ കണ്ടെത്തുകയും തടഞ്ഞുവയ്ക്കുകയുമായിരുന്നു.
കാറിൽനിന്ന് വലിച്ചിറക്കിയായിരുന്നു മർദ്ദനം. ഇതോടെ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ആൾകൂട്ടം പിടികൂടി. പിന്നീട് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ഇവരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha























