പ്രണാബ് മുഖര്‍ജി സജീവ രാഷ്ട്രയത്തിലേക്കില്ല ; ശിവസേന നേതാവ് സഞ്ജയ് റൗത്തിനു മറുപടിയുമായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി

മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രിയായേക്കുമെന്ന പ്രചരണം തള്ളി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. പ്രണാബ് മുഖര്‍ജി ഇനി സജീവ രാഷ്ട്രയത്തിലേക്കില്ലെന്ന് ശര്‍മിഷ്ഠ വ്യക്തമാക്കി. ശിവസേന നേതാവ് സഞ്ജയ് റൗത്തിനുള്ള മറുപടിയായാണ് ശര്‍മിഷ്ഠ ഇക്കാര്യം പറഞ്ഞത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പ്രണാബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയേക്കുമെന്നായിരുന്നു റൗത്തിന്റെ പ്രസ്താവന.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രണാബിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്‍എസ്എസ് ഉയര്ത്തിക്കൊണ്ടുവന്നേയ്ക്കും- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രണാബ് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയതുമായി ബന്ധപ്പെടുത്തിയാണ് റൗത്ത് ഇക്കാര്യം പറഞ്ഞത്.
2019ല്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ പ്രണബ് മുഖര്‍ജി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രിയാകുമെന്ന് ശിവസേനയും പറഞ്ഞിരുന്നു. പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് വേദിയിലെത്തി പ്രസംഗിച്ചതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലായിരുന്നു സേനയുടെ പരാമര്‍ശം. രാഷ്ട്രീയ ലക്ഷ്യമിട്ടാണ് ആര്‍എസ്എസിന്റെ നീക്കങ്ങള്‍. എന്നാല്‍ 2019 ഓടെ എല്ലാവര്ക്കും അത് എങ്ങനെയായെന്ന് മനസിലാകും. 2019ല്‍ ബിജെപിക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ലെങ്കില്‍ പ്രണബ് തന്നെയാകും പ്രതിപക്ഷ പാര്‍ട്ടികളുടെ സമവായ പ്രധാനമന്ത്രിയെന്നും സാമ്നയില്‍ ശിവസേന വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























