അംഗരാജ്യങ്ങളിൽ എവിടെ ഒളിച്ചാലും നീരവ് മോഡിക്ക് രക്ഷയില്ല; തട്ടിപ്പു വീരനെതിരെ റെഡ് കോർണർ നോട്ടീസ്

ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ നീരവ് മോഡിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സിബിഐ ഇന്റർപോളിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. അതേസമയം നീരവ് മോഡിയുടെ അമ്മാവൻ മെഹുൽ ചോസ്കിക്കെതിരെയും നോട്ടീസ് പുറപ്പെടുവിക്കാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
13,578 കോടിയുടെ തട്ടിപ്പു കേസിലാണ് ഇരുവർക്കുമെതിരെ സിബിഐ കേസെടുത്തത്. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ 190 അംഗരാജ്യങ്ങളിൽ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കും.
നീരവ് മോഡിയേയും മെഹുൽ ചോസ്കിയേയും ഇന്ത്യക്ക് കൈമാറാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ബ്രിട്ടീഷ് അധികൃതർ നേരത്തെ ഇന്ത്യൻ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിനെ അറിയിച്ചിരുന്നു. ഇരുവരും ബ്രിട്ടനിൽ ഉണ്ടെന്നുള്ള വിവരവും ഇന്ത്യയെ അറിയിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് നീരവ് മോദിയും ബന്ധുക്കളും ഇന്ത്യയിൽ നിന്ന് കടന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് സിബിഐയെ സമീപിക്കുന്നതിനു തൊട്ടു മുൻപായിരുന്നു ഇത്. തുടർന്ന് ഇരുവരുടേയും പേരിൽ സിബിഐ കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























