ഡല്‍ഹിയ്‌ക്ക് സംസ്ഥാന പദവി തന്നാല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്ന് കേജ്‌രിവാള്‍

നിലവില്‍ കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയ്‌ക്ക് പൂര്‍ണ സംസ്ഥാന പദവി അനുവദിക്കുകയാണെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന വാഗ്‌ദ്ധാനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തുകയാണെങ്കില്‍ ബി.ജെ.പിയെ സംസ്ഥാനത്ത് നിന്നും പുറത്താക്കാനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ ഡല്‍ഹിയ്‌ക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന പ്രമേയം പാസാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂര്‍ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിക്കാരുടെ ഓരോ വോട്ടു ബി.ജെ.പിക്ക് അനുകൂലമാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ബി.ജെ.പിക്ക് വേണ്ടി തങ്ങള്‍ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യും. ഇതിന് വിഘാതം സംഭവിച്ചാല്‍ ഡല്‍ഹിയിലെ ഓരോ വീട്ടിലും ബി.ജെ.പിയെ പുറത്താക്കുക എന്ന ബോര്‍ഡ് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം നടത്തിയത് പോലെ ആം ആദ്മി പാര്‍ട്ടി 'ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി ചോഡോ' (ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി വിടുക) എന്ന ക്യാംപയിന്‍ നടത്തുമെന്നും പിന്നീട് കേജ്‌രിവാള്‍ പറഞ്ഞു. പൂര്‍ണ സംസ്ഥാന പദവിക്ക് വേണ്ടിയുള്ള തങ്ങളുടെ സമരം സ്വാതന്ത്ര്യ സമരത്തിന് തുല്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
https://www.facebook.com/Malayalivartha























