മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സുരക്ഷ ശക്തമാക്കിയതായി ആഭ്യന്തര മന്ത്രാലയം

മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സുരക്ഷ ശക്തമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ സുരക്ഷ ചുമതലയുള്ളവരുടെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജെയിന്‍ എന്നിവര്‍ അവലോകന യോഗത്തിനെത്തി.
മറ്റ് സുരക്ഷ ഏജന്‍സികളുമായി കൂടി ആലോചിച്ച് പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. പ്രധാനമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന മഹാരാഷ്ട്ര പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം അവരുമായും കൂടിയാലോചന നടത്തി.
രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി മോദിയെയും വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ പുണെ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മോദിയുടെ സുരക്ഷ ശക്തമാക്കിയത്.
https://www.facebook.com/Malayalivartha























