അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ ; പ്രഖ്യാപനം തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നിന് ശേഷം

ബി.ജെ.പിക്കെതിരെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിമത എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. കോണ്‍ഗ്രസ് ടിക്കറ്റിലോ ആര്‍.ജെ.ഡി ടിക്കറ്റിലോ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി. തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലാലു പ്രസാദ് യാദവ് തന്റെ അടുത്ത സുഹൃത്താണെന്നും കുടുംബ സുഹൃത്തുക്കള്‍ക്കൊപ്പം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സിന്‍ഹ പറഞ്ഞു.
ബി.ജെ.പി ഘടകകക്ഷിയായ ജെ.ഡി.യുവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനുള്ള ക്ഷണം ശത്രുഘ്‌നന്‍ സിന്‍ഹ നിരസിച്ചിരുന്നു. എന്തുകൊണ്ടാണ് ജെ.ഡി.യുവിന്റെ ക്ഷണം നിരസിച്ചതെന്ന ചോദ്യത്തിന് തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രണ്ട് മണിക്കൂറോളം തേജസ്വിയുടെ വസതിയില്‍ ചെലവഴിച്ച ശേഷമാണ് ശത്രുഘ്‌നന്‍ സിന്‍ഹ മടങ്ങിയത്. മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് യാദവും വസതിയിലുണ്ടായിരുന്നു.
അതേസമയം രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് തേജസ്വി പറഞ്ഞു. പാറ്റ്‌നയിലെ ഇഫ്താര്‍ വിരുന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ഡല്‍ഹിയില്‍ എത്താന്‍ കഴിയാതിരുന്നത്. ആര്‍.ജെ.ഡിയുടെ പ്രതിനിധിയായി രാജ്യസഭാംഗം മനോജ് ജാ പങ്കെടുത്തിരുന്നു. പ്രതിപക്ഷ ഐക്യത്തിന്റെ വേദി കൂടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നെന്നും തേജസ്വി പറഞ്ഞു.
https://www.facebook.com/Malayalivartha























