മനുഷ്യന്മാരുമായി ഇടപഴുകുന്ന നേതാക്കന്മാരെയും അവരുടെ വേദനകൾ മനസ്സിലാക്കുന്ന നേതാക്കന്മാരെയും അംഗീകരിക്കാൻ തയ്യാറല്ല; വെറും അധികാരം കാണിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പോഴുള്ള നേതാക്കന്മാർ ഉള്ളത്; സന്ദീപ് ജി വാര്യർ സന്ദീപ് വാചസ്പതി പോലുള്ളവർ ചാനലുകളിൽ വന്നിരുന്ന് കൃത്യമായ മറുപടി കൊടുത്തു കൊണ്ടിരുന്ന ആൾക്കാരായിരുന്നു; ഇവർക്ക് പോപ്പുലാരിറ്റി വരുന്നു എന്ന് കണ്ടപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നു; എന്തെങ്കിലും കുറ്റം പറഞ്ഞ് അവരെ ഒഴിവാക്കുകയാണ്; പൊട്ടിത്തെറിച്ച് മേജർ രവി

ബിജെപി സംസ്ഥാന വക്താവ് എന്ന സ്ഥാനത്തു നിന്നും സന്ദീപ് ജി വാര്യരെ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ വിവരം പുറത്തുവന്നു. ഈ വിഷയങ്ങളിൽ മലയാളി വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ മേജർ രവി. ഈ തീരുമാനമെടുത്തവർക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. നല്ല രീതിയിൽ സംസാരിക്കുന്നു എന്ന് തോന്നുന്നവരെ വളരാൻ അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഈ വിഷയത്തിൽ അദ്ദേഹം മലയാളി വാർത്തയോട് പ്രതികരിച്ചത് ഇങ്ങനെ;
ഈയോരു തീരുമാനത്തിൽ വലിയ സർപ്രൈസ് ഇല്ല. ഇങ്ങനെയുള്ള നേതാക്കന്മാർ ഇവിടെ ഭരിക്കുന്ന കാലം ഞാനല്ല ബ്രഹ്മാവ് വിചാരിച്ചാൽ പോലും ഈ പാർട്ടി രക്ഷപ്പെടില്ല. . ഇങ്ങനെ പോവുകയാണെങ്കിൽ ബിജെപി അനുഭാവികളായ ആളുകൾ പോലും വോട്ട് ചെയ്യാൻ പോകാത്ത സ്ഥിതിയുണ്ടാവും.അപ്പോൾ അവരുടെ വോട്ട് വേസ്റ്റ് ആയിട്ട് പോവുകയാണ്. കാരണം അവർക്ക് വേറെ ഒരാൾക്ക് വോട്ട് ചെയ്യാൻ പറ്റത്തില്ല. മനുഷ്യന്മാരുമായി ഇടപഴുകുന്ന നേതാക്കന്മാരെയും അവരുടെ വേദനകൾ മനസ്സിലാക്കുന്ന നേതാക്കന്മാരെയും അംഗീകരിക്കാൻ തയ്യാറാകാത്ത വെറും അധികാരം കാണിക്കാൻ വേണ്ടി മാത്രംആണ് ഇപ്പോഴുള്ള നേതാക്കന്മാർ ഉള്ളത്.
പണ്ട് ആരോ പറഞ്ഞതുപോലെ ഒന്നുമില്ലാത്തവന് ഇതെല്ലാം കൊടുത്തു കഴിഞ്ഞാൽ അർത്ഥ രാത്രിക്ക് കുട പിടിക്കും എന്ന് പറയുന്നത് പോലെയാണ്. സന്ദീപ് ജി വാര്യർ സന്ദീപ് വാചസ്പതി പോലുള്ളവർ ചാനലുകളിൽ വന്നിരുന്ന് കൃത്യമായ മറുപടി കൊടുത്തു കൊണ്ടിരുന്ന ആൾക്കാരായിരുന്നു. ഇവർക്ക് എവിടെനിന്നോ പോപ്പുലാരിറ്റി വരുന്നു എന്ന് കാണുമ്പോഴാണല്ലോ പല ആരോപണങ്ങൾ അവർക്കെതിരെ ഉന്നയിക്കുന്നത്.
സന്ദീപ് ജി വാര്യർക്ക് എതിരെയുള്ള ആരോപണം പണപ്പിരിവ് നടത്തിയെന്ന ആരോപണമാണ്. ഈ പറയുന്നവരൊന്നും പണപ്പിരിവ് നടത്തിയിട്ടില്ലേ? സന്ദീപ് ജി വാര്യർ ചെയ്യുന്ന കാര്യങ്ങൾ പാലക്കാട് ഉള്ള ജനങ്ങൾക്ക് ഇഷ്ടമാണ്. എന്തെങ്കിലും കുറ്റം പറഞ്ഞ് അവരെ ഒഴിവാക്കുക എന്ന് പറയുമ്പോൾ ജനങ്ങൾ ഇത് കാണുന്നില്ലേ? ഈയൊരു വിഷയം സംസാരം വിഷയമായത് തന്നെ ജനങ്ങൾ ഇതൊക്കെ കാണുന്നത് കൊണ്ടാണ്.
കൊടകര കുഴൽപ്പണക്കേസുണ്ട് കൈക്കൂലി കൊടുക്കാൻ നോക്കി എന്ന് പറഞ്ഞ് ഒരു കേസ് ഉണ്ട്. ഇത്തരത്തിൽ ആരോപണങ്ങൾ നേരിടുന്ന ഒരു വ്യക്തി ആസ്ഥാനത്ത് ഇപ്പോഴും തുടരുന്നത് എങ്ങനെയാണ്? അധികാരമോഹം കൊണ്ടാണ് അത് നടക്കുന്നത്. അവരെക്കാൾ ഒരാൾ പൊങ്ങി വന്നാൽ അവരെ പിടിച്ചു അകത്താക്കുകയോ പുറത്താക്കുകയോ ചെയ്യും. ഇതൊരു സർപ്രൈസ് ആയിട്ടുള്ള കാര്യമല്ല. പൊതുവേ നടക്കുന്ന കാര്യമാണ്.
ആരെങ്കിലും ഉന്നത സ്ഥാനത്തേക്ക് വന്നാലും ഇവരുടെയൊക്കെ ഒത്താശയോടെ ആയിരിക്കും വരുന്നത് കാരണം ഡൽഹി നേതൃത്വത്തിന് കേരളത്തിന്റെ കാര്യത്തിൽ വലിയ താല്പര്യമില്ല. അവര് കേരളത്തിന് എന്തെങ്കിലും ആയിക്കോട്ടെ എന്ന രീതിക്കാണ് പോകുന്നത്. കേന്ദ്രനേതൃത്വം ഇക്കാര്യങ്ങളിൽ ഒരു അന്വേഷണം നടത്തേണ്ടതായിരുന്നു അല്ലാതെ പാർട്ടിക്കാർ പറയുന്നത് കേട്ട് മാത്രം അവർ ഒരു നടപടിയെടുക്കുന്നത് ശരിയായ രീതിയല്ല. ഇവരൊക്കെ ബിജെപി വളരണമെന്ന് താല്പര്യമില്ലാത്തവർ ആണ്. അവർ ഇത്രയും കേസുകളും ആരോപണങ്ങളും വന്നിട്ടും ഭരിക്കുന്ന പാർട്ടിക്കെതിരെ അവർ ഒന്നും ചെയ്യുന്നില്ല എന്നും മേജർ രവി ആരോപിച്ചു.
https://www.facebook.com/Malayalivartha