പുതിയ തലമുറയ്ക്ക് കൂടുതൽ അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി; അച്ചടക്ക നടപടിക്ക് വിധേയനായ ആൾക്ക് താത്പര്യം ഇല്ലാത്ത കാലത്തോളം അത് പുറത്തു പറയുന്നത് ബിജെപിയുടെ രീതിയല്ല; സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയ വിഷയത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന വക്താവ് എന്ന സ്ഥാനത്തു നിന്നും സന്ദീപ് ജി വാര്യരെ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ വിവരം പുറത്തുവന്നു. ഈ വിഷയത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . അച്ചടക്ക നടപടിക്ക് വിധേയനായ ആൾക്ക് താത്പര്യം ഇല്ലാത്ത കാലത്തോളം അത് പുറത്തു പറയുന്നത് ബിജെപിയുടെ രീതിയല്ലെന്ന് സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയ ചോദ്യത്തോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
അവഗണിക്കപ്പെടുന്നെന്ന് നിങ്ങൾ പറയുന്ന നേതാക്കളെല്ലാം വക്താക്കളായത് തന്റെ ടേമിലാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. 2020ന് മുമ്പ് ആറോ എഴോ പേർ മാത്രമായിരുന്നു ബിജെപിക്ക് വേണ്ടി ചാനലിൽ ചർച്ചകൾക്ക് പോകാനുണ്ടായിരുന്നത്. എന്നാൽ ഇന്ന് 35 ഓളം പാനലിസ്റ്റുകൾ ബിജെപിക്കുണ്ട്. പുതിയ തലമുറയ്ക്ക് കൂടുതൽ അവസരം നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വികെ സജീവൻ, ജനറൽസെക്രട്ടറി ഇ.പ്രശാന്ത് കുമാർ എന്നിവർ സംബന്ധിച്ചു.
https://www.facebook.com/Malayalivartha