തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ...

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയാണെന്നും പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എൽഡിഎഫിന് മികച്ച നേട്ടം ഉണ്ടാകും, കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും ഇ പി ജയരാജൻ പ്രതികരിച്ചു എക്സിറ്റ് പോൾക്ക് പിന്നില്‍ പ്രത്യേക താല്‍പര്യങ്ങളുണ്ടെന്ന് ഇ പി പറഞ്ഞു. ശാസ്ത്രീയമായ നിഗമനത്തിന്‍റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോള്‍.
ഇടതുപക്ഷ വിരുദ്ധ മനോഭാവം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് ഇ പി വിമര്‍ശിച്ചു. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിൽ ഇഞ്ചോടിഞ്ച് പോരാണമാണ് നടന്നതെന്ന് എം വി ജയരാജൻ പറഞ്ഞു. എൽഡിഎഫ് പൊരുതി ജയിക്കും. ആദ്യ രണ്ട് റൗണ്ടിൽ തന്നെ ഇടതിന് മേൽക്കൈ കിട്ടും. യുഡിഎഫിന് ശക്തികേന്ദ്രങ്ങളിൽ ക്ഷീണമുണ്ടാകുമെന്നും എം വി ജയരാജൻ പ്രതികരിച്ചു.
അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തലേന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകൾ അർപ്പിച്ചും നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും ഭഗവാനു സമർപ്പിച്ചു. ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കി. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചുകൊണ്ട് ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്. ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷ സുരേഷ് അഞ്ച് വർഷങ്ങൾക്കു മുൻപ് നേർന്ന വഴിപാട് സമർപ്പിക്കാനാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം.
സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന പ്രചാരണം വെള്ളിയാഴ്ച മുതൽ ശക്തമായിരുന്നു. അന്നേ ദിവസം വരുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ എത്താൻ സാധിച്ചില്ല. ഇന്ന് രാവിലെ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ മാധ്യമ പ്രവർത്തകർ രാവിലെ മുതൽ ക്ഷേത്രപരിസരത്ത് നിലയുറപ്പിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണം തേടുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ ക്ഷേത്രത്തിൽ എത്തിയതു മുതൽ തിരിച്ചു പോകുന്നത് വരെ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല.
രാഷ്ട്രീയം പറയാനോ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാനോ സുരേഷ് ഗോപി മുതിർന്നില്ലെന്നത് ഈ സമയത് ഏറെ ശ്രദ്ധേയമാണ്. സാധാരണ വിശ്വാസിയെപ്പോലെ ഏറ്റുമാനൂരപ്പനെ തൊഴുതു വണങ്ങാനാണ് എത്തിയത് എന്നു മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുമാണ് എണ്ണുക.
മണിക്കൂറുകൾക്കകം തന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും. എക്സിറ്റ് പോളുകൾ പുറത്തുവന്നതോടുകൂടി ചൊവ്വാഴ്ച വരാനിരിക്കുന്ന ഫലത്തിന്റെ ഏകദേശ ധാരണ പുറത്തുവന്നെന്ന് ബിജെപി പക്ഷം പറയുമ്പോൾ എക്സിറ്റ് പോളുകളുടെ വിശ്വാസ്യത തള്ളിക്കളയുകയാണ് കോൺഗ്രസും സിപിഎമ്മും ഉൾപ്പെട്ട പ്രതിപക്ഷ നിര.
https://www.facebook.com/Malayalivartha