ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭയിലും തോറ്റ് തുന്നംപാടാന്‍ കച്ചകെട്ടി സിപിഎം; സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം സിപിഎമ്മിന്റെ മാത്രമല്ല ഇടതുപക്ഷത്തിന്റെ തന്നെ അടിത്തറയിളക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭയിലും തോറ്റ് തുന്നംപാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സിപിഎം. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം സിപിഎമ്മിന്റെ മാത്രമല്ല ഇടതുപക്ഷത്തിന്റെ തന്നെ അടിത്തറയിളക്കും. അതുകൊണ്ട് സിപിഐ ശക്തമായ എതിപ്പുമായി രംഗത്തെത്തിയത്. ആണവനിലയങ്ങളെ ഇതുവരെ എതിര്‍ത്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.
അമേരിക്കയുമായി ഒന്നാം യുപിഎ സര്‍ക്കാര്‍ ആണവ കരാര്‍ ഉണ്ടാക്കിയതിന്റെ പേരിലാണ് സിപിഎം പിന്തുണ പിന്‍വലിച്ചത്. പാര്‍ട്ടിക്ക് എതിര്‍പ്പാണെന്ന് പറയുമ്പോഴും ഉദ്യോഗസ്ഥതലത്തില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ആണവനിലയം സ്ഥാപിക്കുന്നതിന്റെ സാധ്യതകളും മറ്റുകാര്യങ്ങളും സംബന്ധിച്ചു ചര്‍ച്ച നടക്കുകയാണ്. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമമാണ് നയംമാറ്റാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ശാസത്രസാഹിത്യ പരിഷത്തും മറ്റ് പരിസ്ഥിതി സംഘടനകളും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനാകുമോ എന്ന് അന്വേഷിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്‍പതിനു വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങിനു കത്തയച്ചിരുന്നു. കേരള തീരത്തു വലിയ തോതില്‍ തോറിയം നിക്ഷേപമുണ്ടെന്നും ഇത് ഉപയോഗിച്ചുള്ള വൈദ്യുത ഉല്‍പാദന സാധ്യത പഠിക്കണമെന്നും ആയിരുന്നു കത്തിലെ പ്രധാന ആവശ്യം.
മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ മന്ത്രി കൃഷ്ണന്‍കുട്ടി കേന്ദ്രത്തിനു കത്തയയ്ക്കില്ല. ഇടതുമുന്നണിയോ സി.പി.എമ്മോ മന്ത്രിസഭയോ ആണവ നിലയം സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ല. വാര്‍ത്ത പുറത്തായതോടെ സിപിഎമ്മില്‍ പലരും ഞെട്ടിത്തരിച്ചു. കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുക എന്ന് പറഞ്ഞാല്‍, അഗ്നിപര്‍വതത്തിന് താഴെ താമസിക്കുന്നതിന് തുല്യമാണ്. എന്നിട്ടും സിപിഎം നേതാക്കളെല്ലാം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ഉദ്യോഗസ്ഥ തലത്തില്‍ പലവട്ടം ചര്‍ച്ച നടന്നിട്ടുണ്ട്. ഇനിയും ചര്‍ച്ച നടത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. രണ്ട് നൂറ്റാണ്ട് കാലം രാജ്യം മുഴുവന്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള തോറിയം കേരളത്തിന്റെ കൈവശമുണ്ട്. ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ചെലവ് വളരെ കുറവാണ്. ഇതു ഗ്രീന്‍ എനര്‍ജികൂടിയാണ്- എന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി കത്തില്‍ പറയുന്നത്.
തോറിയം ഉപയോഗിച്ചു കല്‍പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതോല്‍പാദനം നടക്കുന്ന കാര്യം മന്ത്രി കൃഷ്ണന്‍കുട്ടിയുടെ കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേരളം പോലുള്ള സ്ഥലത്ത് തോറിയത്തിന്റെ ലഭ്യത വളരെ കൂടുതലായതുകൊണ്ട് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും കത്തില്‍ ഉണ്ടായിരുന്നു. വൈദ്യുത നിലയം എവിടെ സ്ഥാപിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. താരതമ്യേന ജനവാസം കുറഞ്ഞ കാസര്‍ഗോഡ് ജില്ലയിലെ ചീമേനി, തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി എന്നിവിടങ്ങളില്‍ ഈ നിലയം സ്ഥാപിക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്. ഇവിടങ്ങളിലെല്ലാം പരിസ്ഥിതി സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി എത്തുമെന്നുറപ്പാണ്.
ആതിരപ്പള്ളി പദ്ധതിക്കെതിരെ നടന്ന സമരം സിപിഎമ്മിന് നന്നായി അറിയാം. സിപിഐയും എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. കാസര്‍കോട് ആണെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പിടിയില്‍ നിന്ന് ഇതുവരെ മോചിതരായിട്ടില്ല. അണക്കെട്ടുകള്‍ അടക്കമുള്ള ജലവൈദ്യുതി ഉല്‍പാദനം കൂട്ടാനുള്ള സാധ്യത കുറവാണ്. പുതിയ ജലവൈദ്യുത പ്രോജക്റ്റുകള്‍ ആരംഭിക്കാനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് തോറിയം അല്ലാതെ മറ്റ് വഴികളില്ലെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരടക്കം പറയുന്നത്.
തമിഴ്‌നാട്ടിലെ കൂടംകുളം ആണവ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇതേ വിഎസ് 2006ല്‍ മുഖ്യമന്ത്രിയായപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ കല്‍ക്കരി ഉപയോഗിച്ച് താപനിലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നിരുന്നു. എന്നാല്‍ സിപിഎം അതിനെ എതിര്‍ത്തു. കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കെ.കരുണാകരന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതി സിപിഎം തകര്‍ത്ത് തരിപ്പണമാക്കിയ കഥയുമുണ്ട്. 1991-94ല്‍ ആണ് സംഭവം. പി.വി.നരസിംഹറാവു അന്ന് പ്രധാനമന്ത്രിയായിരുന്നു.
രാജ്യത്ത് നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് പിന്നാലെ കണ്ണൂരില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ താപ വൈദ്യുത നിലയം സ്ഥാപിക്കാന്‍ പ്രശസ്ത ടെക്നോക്രാറ്റ് കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ തുടങ്ങി. കണ്ണൂര്‍ പവര്‍ പ്രോജക്റ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ പ്രാഥമിക അനുമതി വരെ നേടി. ഇതോടെ എതിര്‍പ്പുമായി സിപിഎം രംഗത്തെത്തി. വി.എസ്. അച്യുതാനന്ദനായിരുന്നു മുന്നില്‍. കെ.പി.പി.നമ്പ്യാര്‍ 'സഫലം കലാപഭരിതം' എന്ന ആത്മകഥയില്‍ ഇക്കാര്യം പറയുന്നുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ടു വി.എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ഇടനിലക്കാരന്‍ വഴി പണം ആവശ്യപ്പെട്ടെന്നും മറ്റും ആത്മകഥയില്‍ എഴുതിയതു വന്‍ വിവാദമായിരുന്നു. നമ്പ്യാരുടെ വെളിപ്പെടുത്തലിനെതിരേ വി.എസ് മാനനഷ്ടക്കേസ് കൊടുത്തിരുന്നു. 1999ല്‍ അധികാരത്തിലുണ്ടായിരുന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി എസ്.ശര്‍മ്മ, സംസ്ഥാന സര്‍ക്കാരിനു കണ്ണൂര്‍ പവര്‍ പ്രോജക്റ്റ് പദ്ധതിയില്‍ താല്‍പര്യമില്ലെന്നു കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. അതോടെ അമേരിക്കന്‍ കമ്പനിയയായ എന്‍ട്രോണുമായി ചേര്‍ന്നു തുടങ്ങാനിരുന്ന താപവൈദ്യുത നിലം ചാപിള്ളയായി.
തങ്ങള്‍ അധികാരത്തിലേറുമ്പോള്‍ എന്ത് പദ്ധതിയും നടപ്പാക്കാനും പ്രതിപക്ഷത്തിരിക്കുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ കൂടപ്പിറപ്പാണ്. വിഴിഞ്ഞം പദ്ധതിയിലും അത് നാം കണ്ടതാണ്. നെടുമ്പാശേരി വിമാനത്താവളത്തെ ശക്തിയുക്തം എതിര്‍ത്തവരാണ് സിപിഎമ്മുകാര്‍. പാടം നികത്തി വിമാനത്താവളം പണിയുന്നതിനെതിരെ സമരം നടത്തി. സമരത്തിന് മുന്നില്‍ നിന്നവരൊക്കെ പിന്നീട് എയര്‍പോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായി എന്നതാണ് ചരിത്രം. എന്നാല്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന് സിപിഎമ്മില്‍ പലര്‍ക്കും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് വലിയ രീതിയില്‍ ചര്‍ച്ചയാക്കാതെ പ്രശ്‌നം അവസാനിപ്പിക്കാനാണ് നീക്കം. അല്ലെങ്കില്‍ സില്‍വര്‍ ലൈനേക്കാള്‍ വലിയ പ്രക്ഷോഭമായിരിക്കും സംഭവിക്കുക. അത് വഴി വീണ്ടും പണിയെടുക്കാതെ സതീശനും സുധാകരനും ഞെളിയാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കരുതെന്നാണ് പല നേതാക്കളും ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha